ഒരു ഇരുണ്ട രാത്രിയിൽ ശക്തമായ കൊടുങ്കാറ്റ് ഫ്ലോറിഡയെ തകർത്തെറിഞ്ഞു കടന്നു പോയി. അതിന്റെ അനന്തരഫലങ്ങൾ അവസാനിക്കും മുൻപ് ദുരിതം അതിന്റെ പൂർണ്ണരൂപത്തിലാക്കികൊണ്ട് രണ്ടാമത്തെ ചുഴലിക്കാറ്റും എത്തി. ഹെലൻ, മിൽട്ടൺ ചുഴലിക്കാറ്റുകളാണ് ഫ്ലോറിഡയെ തകർത്തുകൊണ്ട് കടന്നുപോയ ആ പ്രകൃതി ദുരന്തങ്ങൾ.
20 പേരുടെയെങ്കിലും ജീവൻ ഹെലൻ ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ടു. പിന്നാലെയെത്തിയ മിൽട്ടൺ ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ഇതുവരെ 17 ആയി. തുടർച്ചയായി ഉണ്ടായ രണ്ടു ചുഴലിക്കാറ്റുകൾ ഈ സംസ്ഥാനത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. രണ്ടു പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാനായി അക്ഷീണം പ്രവർത്തിച്ച രക്ഷാപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഉണ്ട്. ആയിരത്തിലധികം ആളുകൾ ഇവരുടെ കരങ്ങളിലൂടെ രക്ഷപെട്ടു എങ്കിലും തുടർച്ചയായ പ്രവർത്തനങ്ങൾ മൂലം ഇവരും ക്ഷീണിതരാണ്.
സമീപ വർഷങ്ങളിൽ സംസ്ഥാനത്തെ സമീപിച്ച മറ്റ് ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും മഴയും സംസ്ഥാനത്ത് അടിക്കടി വെള്ളപ്പൊക്കങ്ങൾക്കു കാരണമായി മാറി. പരന്ന പല പ്രദേശങ്ങളും ഇപ്പോൾ നദിയായി മാറിയ അവസ്ഥയിലാണ്. മാത്രവുമല്ല മണ്ണുവന്നു മൂടിയ പല പ്രദേശങ്ങളിൽ ഇനിയും വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുമുണ്ട്. ഒർലാൻഡോയ്ക്കും ഡേറ്റോണ ബീച്ചിനും ഇടയിൽ എക്കാലത്തെയുംകാൾ കൂടുതൽ ജലനിരപ്പ് ഉയർന്നതും ഭീഷണി ഉയർത്തുന്നു.
ഫ്ലോറിഡയിൽ കറണ്ടില്ലാതെ കഴിയുന്ന ദശലക്ഷക്കണക്കിനു ആളുകൾ ഉണ്ട്. സംസ്ഥാനത്തുടനീളം വൈദ്യുതി പുനഃസ്ഥാപിക്കാൻ ഊർജ്ജവിതരണകമ്പനികൾ അക്ഷീണം പ്രവർത്തിക്കുകയാണ്. വെള്ളിയാഴ്ചയോടെ ഫ്ലോറിഡയിലെ സാനിബെലിൽ ഒരു തകരാർ മൂലം അഴുക്കുചാൽ സംവിധാനം തകരാറിലായിരുന്നു. ഇത് ടോയ്ലറ്റുകളോ ഷവറുകളോ ഉപയോഗിക്കരുതെന്ന് താമസക്കാരോട് അഭ്യർത്ഥിക്കാൻ സിറ്റി മാനേജറെ പ്രേരിപ്പിച്ചു.
ഗ്യാസ് പ്രൈസ് ട്രാക്കിംഗ് പ്ലാറ്റ്ഫോം ഗ്യാസ്ബഡ്ഡി പറയുന്നതനുസരിച്ച്, ഇന്ധനക്ഷാമം തുടരുന്നതിനാൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രദേശത്തെ നാലിൽ മൂന്ന് ഗ്യാസ് സ്റ്റേഷനുകളിലേക്കുള്ള വിതരണം നിർത്തലാക്കിയിരുന്നു. ടാംപ ബേ പ്രദേശത്ത് പെട്രോൾ എത്തിക്കാൻ പ്രയാസമായിരുന്നു. ഫ്ലോറിഡയിലുടനീളം, ഏകദേശം 30% സ്റ്റേഷനുകളിൽ ഇന്ധനമില്ലായിരുന്നു. മാനുഷികമായി കഴിയുന്നത്ര വേഗത്തിൽ ഇന്ധനം വിതരണം ചെയ്യാൻ സംസ്ഥാന അധികാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഗവർണർ വെളിപ്പെടുത്തി.