ഒരുപാട് സംഭവങ്ങൾ പല വർഷങ്ങളിലായി സംഭവിച്ച ഒരു ദിനമാണ് ഒക്ടോബർ 13. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയൊക്കെയാണെന്നു പരിശോധിക്കാം.
ക്രിസ്തുവിന്റെ രക്തമടങ്ങിയ ചെറിയ കുപ്പി ഔദ്യോഗിക മുദ്രണങ്ങളോടെ 1247 ഒക്ടോബർ 13-ന് ഇംഗ്ലണ്ടിൽ എത്തിച്ചു. 1917 ഒക്ടോബർ 13-നാണ് പോർചുഗലിലെ മൂന്ന് ഇടയക്കുഞ്ഞുങ്ങൾക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഏകദേശം അൻപതിനായിരം ആളുകൾ ഈ പ്രത്യക്ഷീകരണത്തിനു സാക്ഷ്യംവഹിച്ചു.
നാസി ജർമനിക്കെതിരെ, ഇറ്റലി യുദ്ധം പ്രഖ്യാപിച്ചത് 1943 ഒക്ടോബർ 13-നായിരുന്നു. സഖ്യകക്ഷികൾക്കു കീഴടങ്ങി ഒരുമാസത്തിനു ശേഷമായിരുന്നു യുദ്ധപ്രഖ്യാപനം. ഒരുകാലത്ത് ഇറ്റലിയോടു ചേർന്നുനിന്ന രാജ്യമായിരുന്നു ജർമനി. എന്നാൽ ഇറ്റലി, സഖ്യകക്ഷികൾക്കു കീഴടങ്ങിയതോടെ ഇറ്റലിയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിരുന്ന ജർമൻ സൈന്യം ഈ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകൾ പിടിച്ചെടുക്കാൻ ആരംഭിച്ചു. അതുകൊണ്ടുതന്നെ ഇറ്റാലിയൻ സൈന്യത്തെ ഉപയോഗിച്ച് ജർമൻകാരെ തുരത്താനുള്ള സഖ്യകക്ഷികളുടെ യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം. രണ്ടുവർഷങ്ങൾ നീണ്ട യുദ്ധത്തിനുശേഷം 1945 മെയ് മാസത്തിലാണ് നാസി പടയെ ഇറ്റലിയിൽനിന്ന് പൂർണ്ണമായി തുരത്തിയത്.
1972 ഒക്ടോബർ 13-നാണ് ഉറുഗ്വൻ എയർഫോഴ്സിന്റെ ഫ്ളൈറ്റ് 571 അപകടത്തിൽപ്പെട്ടത്. ഓൾഡ് ക്രിസ്റ്റ്യൻ ക്ലബ് ചാർട്ടർ ചെയ്ത വിമാനം ഉറുഗ്വയിലെ മോണ്ടെവിഡെയോയിൽ നിന്ന് ചിലിയിലെ സാന്റിയാഗോയിലേക്ക് റഗ്ബീ ടീം അംഗങ്ങൾക്ക് യാത്രചെയ്യാൻ വേണ്ടിയുള്ളതായിരുന്നു. അർജന്റീനയിലെ ആൻഡെസ് മലനിരകളിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. ഉടനെതന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്തായിരുന്നില്ല അപകടം നടന്നത് എന്നതായിരുന്നു കാരണം. അതിനുശേഷമാണ് തെരച്ചിൽ ആൻഡെസ് മലനിരകളിലേക്കുകൂടി വ്യാപിപ്പിച്ചത്.
മഞ്ഞുമൂടിക്കിടന്ന മലയിൽ വെളുത്ത നിറത്തിലുള്ള വിമാനം കണ്ടെത്തുക എന്നതായിരുന്നു രക്ഷാപ്രവർത്തകർ നേരിട്ട വെല്ലുവിളി. എട്ടുദിവസത്തെ തെരച്ചിലിനുശേഷം തെരച്ചിൽദൗത്യങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചു. തുടർന്ന് അപകടത്തെ അതിജീവിച്ച 16 പേർ സ്വപ്രയത്നത്താൽ ഡിസംബർ 22-ന് പുറംലോകവുമായി ബന്ധപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ഭക്ഷണപദാർഥങ്ങൾ തീർന്നതിനാൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തങ്ങൾ ഭക്ഷിച്ചിരുന്നു എന്ന, അതിജീവിതരുടെ വെളിപ്പെടുത്തലാണ് ഈ അപകടം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാൻ കാരണമായത്. വിമാനത്തിലുണ്ടായിരുന്ന 45 യാത്രക്കാരിൽ 16 പേർ മാത്രമാണ് അപകടത്തെ അതിജീവിച്ചത്.
ചിലിയിലെ ഖനിയിൽ അപകടത്തിൽപ്പെട്ട 33 തൊഴിലാളികളെ രക്ഷപെടുത്തിയത് 2010 ഒക്ടോബർ 13-നായിരുന്നു. അപകടം നടന്ന് 69 ദിവസങ്ങൾക്കുശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തീകരിക്കാനായത്. സാൻ എസ്റ്റെബൻ പ്രിമേറ മൈനിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാൻജോസ് സ്വർണ്ണ-ചെമ്പ് ഖനിയിൽ ആഗസ്റ്റ് 5-നാണ് അപകടം നടന്നത്. സാന്റിയാഗോയിൽനിന്ന് 500 മൈൽ അകലത്തിലായി മരുഭൂമിയിലായിരുന്നു ഖനി സ്ഥിതിചെയ്തിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഖനി ഇടിയുകയും 33 തൊഴിലാളികൾ അതിൽ ഉൾപ്പെടുകയും ചെയ്തു. 2625 അടി താഴ്ചയിൽ അകപ്പെട്ട അവരെ നിരവധി ഏജൻസികളുടെ കഠിനമായ ശ്രമങ്ങളുടെ ഫലമായി നീണ്ട 69 ദിവസങ്ങൾക്കുശേഷം രക്ഷപെടുത്താൻ സാധിച്ചു.