ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.
ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ബൊലുവോയിൽ ഫ്രഞ്ച് കത്തോലിക്കാ മിഷനറി ഹെൻറി ചാൻസിന്റെയും 11 ചൈനീസ് ക്രിസ്ത്യാനികളുടെയും കൊലപാതകം നടന്നത് 1898 ഒക്ടോബർ 14 -നായിരുന്നു. ചൈനയിലെ തുറമുഖങ്ങൾ പാശ്ചാത്യർ പിടിച്ചടക്കുന്നതും രാജ്യത്തിന്മേലുണ്ടായിരുന്ന നിർബന്ധിതമായ ഏകപക്ഷീയമായ ഉടമ്പടികളും കാരണം ചൈനയിൽ വിദേശിവിരുദ്ധ വികാരം വളരുന്ന സമയത്താണ് ഈ കൂട്ടക്കൊല നടക്കുന്നത്.
പഞ്ചാബ് യൂണിവേഴ്സിറ്റി ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത് 1882 ഒക്ടോബർ 14-നായിരുന്നു. സിംലയിൽ ആദ്യത്തെ സെനറ്റ് മീറ്റിംഗ് കൂടിക്കൊണ്ട് യൂണിവേഴ്സിറ്റി അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അവിഭക്ത ഇന്ത്യയിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച നാലാമത്തെ സർവകലാശാലയായിരുന്നു യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്. ബോംബെ, മദ്രാസ്, കൊൽക്കത്ത എന്നിവയായിരുന്നു ഇന്ത്യയിൽ ഇതിനുമുൻപ് ബ്രിട്ടീഷുകാർ സ്ഥാപിച്ച ആദ്യ മൂന്ന് സർവകലാശാലകൾ. 1857-ലെ സ്വാതന്ത്ര്യസമരത്തിനു ശേഷം പഞ്ചാബിലെ ജനങ്ങൾ നടത്തിയ നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് സർവകലാശാല അനുവദിച്ചത്. സർ ജെയിംസ് ബ്രാഡ്വുഡ് ആദ്യ വൈസ് ചാൻസലറും, ഡോ. ജി. ഡബ്ല്യൂ. ലെയ്റ്റ്നർ ആദ്യ രജ്സ്ട്രാറുമായിരുന്നു. എന്നാൽ, ഇന്ത്യാവിഭജനത്തിനുശേഷം ഈ സർവകലാശാല പാക്കിസ്ഥാന്റെ ഭാഗമായി മാറി.
ഡോ. ബി. ആർ. അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചത് 1956 ഒക്ടോബർ 14-നായിരുന്നു. ബുദ്ധപൂർണ്ണിമ ദിനത്തിൽ ലക്ഷക്കണക്കിനുവരുന്ന തന്റെ അനുയായികളോടൊപ്പം നാഗ്പൂരിലെ ദീക്ഷാഭൂമിയിൽവച്ച് അദ്ദേഹം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു. ജാതിരഹിത ഭാരതം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇതിലൂടെ അംബേദ്കർ ലക്ഷ്യംവച്ചത്. വിവേചനവും തൊട്ടുകൂടായ്മയും സഹിച്ചിരുന്ന നിരവധി ആളുകൾ ബുദ്ധമതം സ്വീകരിക്കുകയും അങ്ങനെ അവർ ജാതിയുടെ കെട്ടുപാടുകളിൽനിന്ന് മോചിതരാകുകയും ചെയ്തു.
ശബ്ദവേഗത്തെ മറികടന്ന വിജയകരമായ പരീക്ഷണം 1947 ഒക്ടോബർ 14-നായിരുന്നു. ടെസ്റ്റ് പൈലറ്റായിരുന്ന ചാൾസ് എഡ്വേഡ് ചക്ക് യേഗർ ഈ നേട്ടം കൈവരിച്ചു. വെസ്റ്റ് വിർജീനിയയിൽ ജനിച്ച അദ്ദേഹം അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായിരുന്നു. ബെൽ എ്ക്സ് വൺ എന്ന വിമാനമുപയോഗിച്ചായിരുന്നു ശബ്ദവേഗത്തെ മറികടക്കാനുള്ള പരീക്ഷണം അദ്ദേഹം നടത്തിയത്. വിവാഹിതനല്ലാത്ത ഒരു പൈലറ്റിനെ ദൗത്യം ഏൽപിക്കാനായിരുന്നു ആദ്യ തിരുമാനം. എന്നാൽ, ഭാര്യയും കുട്ടിയുമുള്ള താൻ കുറേക്കൂടി ശ്രദ്ധാലുവായിരിക്കും എന്നുപറഞ്ഞ് യേഗർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 20 സെക്കന്റ് നേരത്തേക്കാണ് ശബ്ദവേഗത്തെ മറികടന്ന് ബെൽ എക്സ്-1 പറന്നത്.