കുഞ്ഞുങ്ങൾ, അത് ദൈവത്തിന്റെ സമ്മാനമാണെന്ന് ഒരിക്കൽക്കൂടി പ്രഖ്യാപിച്ചുകൊണ്ട് വാടകഗർഭധാരണ നിരോധനം കർശനമാക്കി ഇറ്റലി. വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കുന്നതിനായി വിദേശരാജ്യങ്ങളിലേക്കു പോകുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ഇറ്റാലിയൻ സെനറ്റ് ബുധനാഴ്ച പാസാക്കി. ഏകദേശം ഏഴുമണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇറ്റാലിയൻ സെനറ്റ് ബിൽ പാസാക്കിയത്.
വാടക ഗർഭധാരണം നടത്തുന്ന അമ്മമാർക്കായി കാനഡയിലേക്കോ, അമേരിക്കയിലേക്കോ പോകാനൊരുങ്ങുന്നവരെക്കൂടെ ഉൾപ്പെടുത്തിയാണ് ഇറ്റാലിയയുടെ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. പുതിയ ബിൽപ്രകാരം, വാടക ഗർഭധാരണം നിയമവിധേയമായ രാജ്യങ്ങളിൽ വാടക അമ്മമാരെ തേടുന്ന ഇറ്റാലിയൻ പൗരന്മാർക്ക് 1.1 മില്യൺ ഡോളർ പിഴയും രണ്ടുവർഷം തടവും ലഭിക്കും. ഇറ്റലിക്കുള്ളിൽ വാണിജ്യപരമായ വാടക ഗർഭധാരണം കുറ്റകരമാക്കിയ 2004-ലെ നിയമം, പുതിയ ബിൽ പാസാക്കിയതോടെ കൂടുതൽ കർശനമായിരിക്കുകയാണ്.
വലതുപക്ഷ പാർട്ടികളായ ജോർജിയ മെലോണി നയിക്കുന്ന ബ്രദേഴ്സ് ഓഫ് ഇറ്റലിയും ലീഗും ചേർന്നാണ് ഈ ബില്ലിനെ പിന്തുണച്ചത്. “ആഗ്രഹത്തെ അവകാശങ്ങളുമായി ആശയക്കുഴപ്പത്തിലാക്കുകയും ദൈവത്തിനുപകരം പണം നൽകുകയും ചെയ്യുന്ന വെറുപ്പുളവാക്കുന്ന ഒരു സമൂഹത്തിന്റെ പ്രതീകമാണ് വാടക ഗർഭധാരണം” – ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും മാതാവുമായ ജോർജിയ മെലോണി വ്യക്തമാക്കി.