വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായുള്ള സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേരള കത്തോലിക്കാ സഭ. ഭവനരഹിതരായവരുടെ നിലവിലെ ജീവിതസാഹചര്യങ്ങളും മാനസികബുദ്ധിമുട്ടുകളും അതീവഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും പുതിയ ഭവനനിർമാണം ഉൾപ്പടെയുള്ള പുനരധിവാസ പ്രവർത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതരിൽ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും കെ. സി. ബി. സി. പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
റവന്യൂ മന്ത്രി കെ. രാജനുമായി കെ. സി. ബി. സി. യുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷന് കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികളിൽ സഭയുടെ പങ്കാളിത്ത സന്നദ്ധത കെ. സി. ബി. സി. പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ബാവ സർക്കാരിനെ അറിയിച്ചിരുന്നു. അടിയന്തിര സമാശ്വാസമായി കത്തോലിക്കാ സഭ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒമ്പതിനായിരത്തി അഞ്ഞൂറ് രൂപ വീതം വയനാട്ടിലെ 925 കുടുംബങ്ങൾക്കു കൈമാറിക്കഴിഞ്ഞ വിവരം കമ്മീഷൻ അംഗങ്ങൾ റവന്യൂ മന്ത്രിയെ അറിയിച്ചു.
നൂറ് ഭവനങ്ങളുടെ നിർമാണം, ഗൃഹോപകരണങ്ങൾ നല്കൽ, ജീവനോപാധി ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും കത്തോലിക്കാ സഭയുടെ ഇടപെടലിൽ ഉണ്ടാവുക. വിലങ്ങാട് പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ വ്യക്തമായ ഇടപെടലുണ്ടാകണമെന്ന കെ. സി. ബി. സി. ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസ് പുളിക്കലിന്റെ നിർദേശവും മന്ത്രിയെ അറിയിച്ചു. തുടർചർച്ചകൾക്കും പ്രവർത്തനപദ്ധതി സമർപ്പണത്തിനുമായി കെ. സി. ബി. സി. യുടെ പോസ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങൾ 22 ന് തിരുവനന്തപുരത്തുവച്ച് റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനമായി.