Saturday, November 23, 2024

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 19

ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് കൗതുകമുള്ള നിരവധി സംഭവങ്ങളോടെയാണ്.

ആഡയോഡാറ്റസ് ഒന്നാമനെ മാർപാപ്പയായി തെരഞ്ഞെടുത്തത് 615 ഒക്ടോബർ 19- നായിരുന്നു. സന്യാസിയായിരുന്ന ഇദ്ദേഹം ഒരു കുഷ്ഠരോഗിയെ ചുംബിച്ചുകൊണ്ട് സുഖപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു.

1943 ഒക്ടോബർ 19-നാണ് സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടിക് കണ്ടെത്തിയത്. ക്ഷയരോഗത്തിനെതിരെയുള്ള ശാസ്ത്രലോകത്തിന്റെ ഗവേഷണങ്ങളിലെ
ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായിരുന്നു ഇത്. അമേരിക്കക്കാരനായ ആൽബർട്ട് ഷാറ്റ്സ് ആണ് ഈ ആന്റിബയോട്ടിക് കണ്ടെത്തിയത്. ബാക്റ്റീരിയകൾ പരത്തുന്ന ചില അസുഖങ്ങൾക്കെതിരെ പെൻസിലിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതിൽനിന്നാണ് പുതിയ ഒരു ആന്റിബയോട്ടിക് കണ്ടെത്താനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചത്. ആ ശ്രമമാണ് 1943 ഒക്ടോബർ 19-ന് ഫലം കണ്ടത്. അദ്ദേഹത്തിന്റെ ഈ കണ്ടെത്തൽ 1952 -ൽ അദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കി.

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പോറ്റി ശ്രീരാമുലു മരണംവരെയുള്ള നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് 1952 ഒക്ടോബർ 19-നായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തിനായി ഇന്ത്യയിലുടനീളം നടന്ന സമരങ്ങളുടെ ഭാഗമായിരുന്നു ശ്രീരാമുലുവിന്റെ സത്യാഗ്രഹം. 58 ദിനങ്ങൾ നീണ്ടുനിന്ന ഈ സത്യാഗ്രഹം, തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്കായി ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു. അന്നത്തെ മദ്രാസിലായിരുന്നു ശ്രീരാമുലു നിരാഹാരമിരുന്നത്. സത്യാഗ്രഹം തുടർന്ന അദ്ദേഹം 1952 ഡിസംബർ 15-ന് മരണമടഞ്ഞു. അതോടെ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുകയും തുടർന്ന് 1956 നവംബർ ഒന്നിന് ഭാഷാസംസ്ഥാന രൂപീകരണങ്ങൾ നടക്കുകയും ചെയ്തു.

Latest News