Saturday, November 23, 2024

ഇസ്രായേലി ബന്ദികളുടെ മോചനം: ദോഹ ചർച്ചക്ക് മുന്നോടിയായി കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തി മൊസാദ് തലവനും ഈജിപ്ഷ്യൻ പ്രതിനിധിയും

അടുത്തയാഴ്ച ഖത്തറിൽ പുനരാരംഭിക്കുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി, പുതുതായി ഈജിപ്ഷ്യൻ ഇൻ്റലിജൻസിന്റെ മേധാവിയായി ചുമതലയെടുത്ത ഹസൻ റഷാദുമായി കൂടിക്കാഴ്ച നടത്തി മൊസാദ് മേധാവി ഡേവിഡ് ബാർണിയ. കൂടിക്കാഴ്ചക്ക് ശേഷം ബാർണിയ ഇസ്രായേലിലേക്ക് മടങ്ങിയെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസയിൽ ഇപ്പോഴും ഹമാസിൻ്റെ തടവിലുള്ള 101 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലും പാലസ്തീൻ ഭീകര സംഘടനയും തമ്മിലുള്ള പോരാട്ടത്തിന് അറുതി വരുത്താനുമുള്ള പുതിയ ചർച്ചകൾക്കായി യുഎസ്, ഖത്തർ, ഇസ്രായേൽ എന്നിവടങ്ങളിലെ പ്രതിനിധി സംഘം ഞായറാഴ്ച ദോഹയിൽ ഒത്തുകൂടും. ദോഹയിലെ ചർച്ചയിൽ സിഐഎ ഡയറക്ടർ വില്യം ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയും പങ്കെടുക്കും.

ചർച്ചകൾക്ക് ഈജിപ്ത് പ്രതിനിധി സംഘത്തെ അയക്കില്ലെങ്കിലും, ചർച്ചകൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളിൽ രാജ്യം വലിയ പങ്ക് വഹിച്ചു. ബാർണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, ഹമാസിന്റെ പ്രതീക്ഷകൾ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ഹമാസ് പ്രതിനിധി സംഘവുമായും ഈജിപ്ത് കൂടിക്കാഴ്ച നടത്തി.

റഷാദുമായുള്ള ബാർണിയയുടെ കൂടിക്കാഴ്ച വിജയമായിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ട് വിലയിരുത്തുന്നത്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ കരാറിനുമുള്ള ഒരു പുതിയ നിർദ്ദേശവും സുരക്ഷാ സഹകരണം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു.

Latest News