ഗർഭച്ഛിദ്ര വിഷയത്തിൽ മതവിശ്വാസികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെ നിലപാട് സ്വീകരിച്ച അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ പ്രോ-ലൈഫ് ഗ്രൂപ്പുകൾ. മതപരമായ കാരണങ്ങൾ കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഇളവുകളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കമല ഹാരിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഇളവുകൾ നൽകില്ലെന്നാണ് കമല ഹാരിസ് അഭിമുഖത്തിൽ പറഞ്ഞത്. ഗർഭച്ഛിദ്രത്തെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്ന പാപമായി കാണുന്ന, മതവിശ്വാസികളായ ഡോക്ടർമാർക്കും കാത്തലിക് ഹോസ്പിറ്റലുകൾക്കും കമലയുടെ നിലപാട് വിരുദ്ധമാണെന്നും ക്രിസ്ത്യൻ, പ്രോ-ലൈഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മതവിശ്വാസികളായ അമേരിക്കക്കാർക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുമോ എന്ന് അവർ ചോദിച്ചു.
അമേരിക്കയുടെ ഭരണഘടന കത്തോലിക്കർ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് ബാധകമല്ലെന്നാണ് കമല വിശ്വസിക്കുന്നതെന്ന് ‘കാത്തലിക് വോട്ട്’ ന്റെ പ്രസിഡൻ്റ് ബ്രയാൻ ബുർച്ച് അഭിപ്രായപ്പെട്ടു.
ഒരു അവസരം ലഭിച്ചാൽ, മനസാക്ഷിയോ മതപരമോ ആയ കാരണങ്ങളാൽ ഗർഭച്ഛിദ്രത്തെ എതിർക്കുന്ന അമേരിക്കക്കാർക്കെതിരായി നിയമം കൊണ്ടുവരുമോ എന്ന് കമല വ്യക്തമാക്കണമെന്ന് കാത്തലിക് അസോസിയേഷൻ്റെ സീനിയർ ഫെലോ ആയ ഡോ. ഗ്രാസി പോസോ ക്രിസ്റ്റി ആവശ്യപ്പെട്ടു.