ചരിത്രം ഈ ദിനത്തോട് ചേർത്തുവയ്ക്കുന്നത് നിരവധി കാര്യങ്ങളാണ്. ചൈനീസ് കത്തോലിക്കാ സഭയെ കൂടുതൽ ദേശീയതയുള്ളതാക്കാനുള്ള നയത്തിന്റെ ഭാഗമായി റോമിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ തദ്ദേശീയരായ ആറ് ചൈനീസ് വൈദികരെ ബിഷപ്പുമാരായി പയസ് പതിനൊന്നാമൻ മാർപാപ്പ നിയമിച്ചത് 1926 ഒക്ടോബർ 28 നാണ്.
ചെക്കോസ്ലോവാക്യ ഒരു സ്വതന്ത്രരാഷ്ട്രമായത് 1918 ഒക്ടോബർ 28 നാണ്. ഒന്നാം ലോകമഹായുദ്ധാനന്തരം വിഭജിക്കപ്പെട്ടുപോയ ഓസ്ട്രിയ-ഹംഗറിയുടെ വിവിധ പ്രവിശ്യകളെ കൂട്ടിച്ചേർത്താണ് പുതിയ രാജ്യം രൂപീകരിച്ചത്. ഭാഷ, വിശ്വാസം, സംസ്കാരം തുടങ്ങിയവയിലുണ്ടായിരുന്ന സാമ്യതകൾ ചെക്ക് വംശജരുടെയും സ്ലോവാക്കുകളുടെയും രാഷ്ട്രീയസഖ്യം എളുപ്പമാക്കി. അങ്ങനെയാണ് 1918 ൽ പുതിയ രാജ്യത്തിന്റെ പ്രഖ്യാപനത്തിലേക്കു നയിച്ചത്. രണ്ടു ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലത്ത് കിഴക്കൻ യൂറോപ്പിൽ ഏറ്റവുമധികം രാഷ്ട്രീയസ്ഥിരതയുണ്ടായിരുന്ന രാജ്യമായിരുന്നു ചെക്കോസ്ലോവാക്യ. എന്നാൽ, ജർമൻ-സോവിയറ്റ് യൂണിയൻ അധിനിവേശങ്ങളും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യത്തിന്റെ വിഭജനത്തിലേക്കു നയിച്ചു. ചെക്ക് വംശജർക്കായി ചെക്ക് റിപ്പബ്ലിക്, സ്ലോവാക്കുകൾക്കായി സ്ലോവാക്യ എന്നിങ്ങനെയാണ് രാജ്യം വിഭജിക്കപ്പെട്ടത്. 1993 ജനുവരി ഒന്നിനാണ് ഈ വിഭജനം നിലവിൽവന്നത്.
അസർബൈജാനിൽ ബകു മെട്രോ ദുരന്തമുണ്ടായത് 1995 ഒക്ടോബർ 28 നാണ്. ഉൽദുസ് സ്റ്റേഷനിൽനിന്ന് നരിമനോവ് സ്റ്റേഷനിലേക്ക് യാത്രികരുമായി പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ കടന്നുപോകുമ്പോൾ വൈദ്യുതി തകരാർ മൂലം ഭൗമാന്തർഭാഗത്തു നിർമിച്ച തുരങ്കപാതയിൽ അഗ്നിബാധ ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തിൽ തുരങ്കത്തിലാകെ പുക നിറഞ്ഞു. അപകടം തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും അതിനോടകം സിന്തറ്റിക് വസ്തുക്കൾ കത്തിയതുമൂലം കാർബൺ മോണോക്സൈഡ് വലിയ തോതിൽ ഉല്പാദിപ്പിക്കപ്പെട്ടിരുന്നു. അത് ശ്വസിച്ച 337 പേരാണ് മരണപ്പെട്ടത്. ലോകത്ത് നടന്ന ഏറ്റവും വലിയ സബ് വേ ദുരന്തമാണിത്.
2007 ഒക്ടോബർ 28 നായിരുന്നു അർജന്റീനയുടെ പ്രസിഡന്റായി ക്രിസ്റ്റീന ഫെർണാണ്ടസിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ വനിതാ പ്രസിഡന്റായിരുന്നു അവർ. 45% വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ അവർ നേടിയത്. ഇത് തൊട്ടടുത്ത സ്ഥാനാർഥിയായ എലിസ കാരിയോയ്ക്കു ലഭിച്ചതിന്റെ ഇരട്ടിയായിരുന്നു. ഭർത്താവ് നെസ്തോർ ക്രിച്ച്നറിന്റെ പിൻഗാമിയായാണ് വക്കീലായി ജോലിചെയ്തുകൊണ്ടിരുന്ന അവർ അധികാരത്തിലെത്തിയത്. 2015 വരെ അവർ അധികാരത്തിൽ തുടർന്നു.