റുവാണ്ട വംശഹത്യയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുൻഡോക്ടറിന് ജയിൽശിക്ഷ വിധിച്ച് ഫ്രഞ്ച് കോടതി. റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ച് ഫ്രാൻസിൽ നടന്ന ഏറ്റവും പുതിയ വിചാരണയിൽ 65 കാരനായ യൂജീൻ റുവാമൂസിയോയെ ആണ് 27 വർഷം ജയിൽശിക്ഷയ്ക്ക് കോടതി വിധിച്ചത്.
ടുട്സി വിരുദ്ധ ആശയം പ്രചരിപ്പിക്കാൻ തന്റെ രാജ്യത്തെ അന്നത്തെ അധികാരികളെ സഹായിച്ചതിനും വംശഹത്യയുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ കൂട്ടക്കൊലയിൽ പങ്കെടുത്തതിനുമാണ് റുവാമൂസിയോയെ കോടതി ശിക്ഷിച്ചത്. 1994 ലെ വംശഹത്യയുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ എട്ടാമത്തെ വിചാരണയായിരുന്നു റുവാമൂസിയോയുടെ വിചാരണ.
രാജ്യം വിട്ടശേഷം ഫ്രാൻസിലും ബെൽജിയത്തിലും വൈദ്യശാസ്ത്രം അഭ്യസിച്ച യൂജീൻ, വംശഹത്യയിലെ പങ്കാളിത്തം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം, ആ കുറ്റകൃത്യങ്ങൾക്ക് തയ്യാറെടുക്കാൻ ഗൂഢാലോചന നടത്തൽ എന്നിവയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളിൽനിന്ന് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.
വിധിക്കു മുന്നോടിയായുള്ള തന്റെ അന്തിമപ്രസ്താവനയിൽ, താൻ നിരപരാധിയാണെന്ന് റുവാമൂസിയോ ഉറപ്പിച്ചുപറഞ്ഞു. “അതിജീവിച്ചവരെ കൊല്ലാനോ, ഇല്ലാതാക്കാനോ ഞാൻ ഉത്തരവിട്ടിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ തെരയുന്നവരുടെ കഷ്ടപ്പാടുകൾ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, എനിക്ക് അവരെ സഹായിക്കാൻ കഴിയില്ല” – റുവാമൂസിയോ പറഞ്ഞു.
റുവാമൂസിയോ വധശിക്ഷകളോ, പീഡനപ്രവർത്തനങ്ങളോ നടത്തിയതായി കാണിക്കുന്നതിന് തെളിവുകളൊന്നുമില്ല. അതിനാൽത്തന്നെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ റുവാമൂസിയോയെ കുറ്റവിമുക്തനാക്കണമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ നിക്കോളാസ് പെറോൺ ആവശ്യപ്പെട്ടു. എന്നാൽ “ഒരാൾക്ക് വാക്കുകൾകൊണ്ട് കൊല്ലാൻ കഴിയും” എന്നതിനാൽ പ്രതി തന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് രക്ഷപെടരുതെന്ന് അദ്ദേഹം തന്റെ സമാപനപ്രസ്താവനയിൽ പറഞ്ഞു.
ഒരു ഹുട്ടു കുടുംബത്തിൽ വളർന്ന റുവാമൂസിയോയെ റഷ്യയിൽ പഠിച്ച് മടങ്ങിയെത്തിയശേഷം 1980 കളുടെ അവസാനത്തിൽ ടുട്സി വിരുദ്ധ തീവ്രവാദികളെ സമീപിച്ചതായി പ്രോസിക്യൂട്ടർമാർ പറയുന്നു. സർവകലാശാലയിൽ പഠിപ്പിക്കുമ്പോൾ, പരിക്കേറ്റ രോഗികളെ വധിക്കുന്നതിൽ അദ്ദേഹം പങ്കെടുക്കുകയും വംശഹത്യയുടെ തെളിവുകൾ നശിപ്പിക്കുന്നതിനായി അവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യാൻ സഹായിക്കുകയും ചെയ്തതായി ദൃക്സാക്ഷി മൊഴികൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ വെളിപ്പെടുത്തി.