Sunday, November 24, 2024

ചരിത്രത്തിൽ ഈ ദിനം: നവംബർ 04

ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് അനവധി സംഭവങ്ങളിലൂടെയാണ്.

ബീറ്റിൽ മ്യൂസിക്കിലെ ജോൺ ലെനോൻ എന്ന സംഗീതജ്ഞന്റെ, ‘യേശുവിനെക്കാൾ ജനപ്രിയരാണ്’ എന്ന ഉദ്ധരണി ലണ്ടനിലെ ‘ഈവനിംഗ് സ്റ്റാൻഡേർഡ്’ എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത് 1966 നവംബർ നാലിനാണ്. ഈ പരാമർശം അന്താരാഷ്ട്ര പ്രതിഷേധത്തിനു കാരണമായി. അതിന്റെ ഫലമായി ബീറ്റിൽസ് സംഗീതം ലോകമെമ്പാടും ബഹിഷ്‌കരിക്കപ്പെട്ടു.

ടെഹ്റാനിലെ അമേരിക്കൻ എംബസിയിൽ 66 അമേരിക്കക്കാരെ തടവിലാക്കിയ പ്രതിസന്ധി ആരംഭിച്ചത് 1979 നവംബർ നാലിനായിരുന്നു. ഇറാനിലെ അമേരിക്കൻ സാന്നിധ്യത്തെ എതിർത്ത ആളുകളാണ് എംബസി ഉദ്യോഗസ്ഥരെ തടവിലാക്കിയത്. ഇസ്ലാമികവിപ്ലവത്തിന്റെ അനന്തരഫലമായാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. ഇത് മുന്നിൽക്കണ്ട് അമേരിക്ക എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 1400 ൽനിന്ന് 70 ആക്കി ചുരുക്കിയിരുന്നു. നവംബർ നാലിന് എംബസി ആക്രമിച്ചവർ ജോലിക്കാരെ തടവിലാക്കുകയായിരുന്നു. അവരെ മോചിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടത് അമേരിക്ക – ഇറാൻ ബന്ധത്തിൽ വിള്ളലുകളുണ്ടാക്കി.

2001 നവംബർ നാലിനായിരുന്നു ഹാരി പോട്ടർ സീരീസിലെ ആദ്യ സിനിമയായ ഹാരിപോട്ടർ ആന്റ് ദി ഫിലോസഫേഴ്സ് സ്റ്റോൺ ആദ്യമായി പ്രദർശിപ്പിച്ചത്. ലണ്ടനിലെ ഒഡിയോൺ ലെയ്സെസ്റ്റർ സ്ക്വയറിലാണ് പ്രദർശനം നടന്നത്. ആദ്യപ്രദർശനത്തിൽ സിനിമയുടെ അണിയറപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജെ. കെ. റൗളിംഗ് എഴുതിയ നോവൽ സിനിമയാക്കിമാറ്റിയതിന്റെ ഔദ്യോഗിക തിയേറ്റർ റിലീസ് നടന്നത് നവംബർ 16 നായിരുന്നു. സ്റ്റീവ് ക്ലോവ്സാണ് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംവിധായകൻ ക്രിസ് കൊളംബസ് ആണ്. ഡാനിയേൽ റാഡ്ക്ലിഫ്, റുപെർട്ട് ഗ്രിന്റ്, റിച്ചാർഡ് ഹാരിസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കക്കാരൻ അമേരിക്കയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് 2008 നവംബർ നാലിനാണ്. ബാറക് ഒബാമയായിരുന്നു ആഫ്രിക്കയിൽ വേരുകളുള്ള അമേരിക്കയുടെ ആദ്യ പ്രസിഡണ്ട്. യു. എസിന്റെ 44-ാമത്തെ പ്രസിഡണ്ടായിരുന്നു അദ്ദേഹം. ഒബാമ ഇല്ലിനോയിസിലെ സെനറ്ററായിരുന്നു. ഡെമോക്രറ്റിക് പാർട്ടി അംഗമായിരുന്നു.’ യെസ് വീ കാൻ – അതെ, നമുക്ക് സാധിക്കും’ എന്ന മോട്ടോയിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. അമേരിക്കയുടെ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനമായിരുന്നു ആ ജനവിധി. 131 മില്യൺ ആളുകൾ വോട്ട് രേഖപ്പെടുത്തിയതിൽ 95% ആഫ്രിക്കൻ അമേരിക്കക്കാർ ആയിരുന്നു. 18 നും 24 നും മധ്യേ പ്രായമുള്ള 66% പേരും ഒബാമയ്ക്ക് വോട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News