സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ കരാറിൽ ഉത്തര കൊറിയയും റഷ്യയും ഒപ്പുവച്ചതായി റിപ്പോർട്ടുകൾ. ഈ ആഴ്ച പ്യോങ്‌യാങ്ങിൽ നടന്ന ഉന്നതതല ചർച്ചകൾക്കുശേഷമാണ് ഇരുരാജ്യങ്ങളും കരാറിൽ എത്തിച്ചേർന്നത്. വാഷിംഗ്ടണുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇരുവരും യോജിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചന കൂടിയാണ് ഈ കരാർ.
റഷ്യയുടെ പ്രകൃതിവിഭവ പരിസ്ഥിതിമന്ത്രി അലക്സാണ്ടർ കോസ്ലോവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും ഉത്തര കൊറിയയുടെ മുതിർന്ന വ്യാപാര ഉദ്യോഗസ്ഥരും തമ്മിൽ ബുധനാഴ്ച ഒപ്പുവച്ച കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങൾ തമ്മിലുള്ള ചാർട്ടർ ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നേരത്തെയുള്ള ചർച്ചകൾക്കുശേഷം ഉദ്യോഗസ്ഥർ സമ്മതിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഉത്തര കൊറിയയിലെത്തിയ കോസ്‌ലോവ് ബുധനാഴ്ച നാട്ടിലേക്കു മടങ്ങുന്നതിനുമുമ്പ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെയും അദ്ദേഹത്തിന്റെ ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥനായ പ്രീമിയർ കിം ടോക് ഹുനെയും സന്ദർശിച്ചിരുന്നു. കോസ്‌ലോവിന്റെ സന്ദർശനവേളയിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്യോങ്‌യാങ്ങിന്റെ സെൻട്രൽ മൃഗശാലയ്ക്ക് സിംഹങ്ങളും കരടികളും നിരവധി ഇനം പക്ഷികളും ഉൾപ്പെടെ എഴുപതിലധികം മൃഗങ്ങളെ സമ്മാനിച്ചതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും വളരുന്ന ബന്ധനത്തിന്റെ മറ്റൊരു സൂചന കൂടിയാണിത്.
തന്റെ രാജ്യം നേരിടുന്ന അന്താരാഷ്‌ട്ര ഒറ്റപ്പെടലിൽനിന്ന് കരകയറാനും സ്വന്തം പ്രതിച്ഛായയ്ക്കും നിലനിൽപ്പിനുംവേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി കിം ജോങ് ഉൻ മോസ്കോയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യുക്രൈനെതിരായ പുടിന്റെ യുദ്ധത്തെ സജീവമായി ഉത്തര കൊറിയ പിന്തുണയ്ക്കുന്നത്.