Friday, November 29, 2024

കെ. സി. ബി. സി. വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന

പൊതു അവധിദിനങ്ങൾ പ്രവൃത്തിദിവസമാക്കുന്ന സർക്കാർ നയം തിരുത്തണം.

പൊതു അവധിദിവസമായ ഞായറാഴ്ച വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധിദിവസങ്ങളിലേക്കു നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ പതിവായി കണ്ടുവരുന്നു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസവകുപ്പ് പാഠ്യപദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബർ, ഡിസംബർ മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തിൽ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രശംസാർഹമാണെങ്കിലും ഞായറാഴ്ചകൾ അതിനായി നിശ്ചയിച്ചിരിക്കുന്നത് ആശാസ്യമല്ല.

2024 നവംബർ 17 ഞായറാഴ്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയും നടത്തിയിരുന്നു. 2022 ഒക്ടോബർ 2 ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപകപ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നു. NSS, NCC ക്യാമ്പുകളും അധ്യാപകപരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പതിവായി നടന്നുവരുന്നുണ്ട്. മുൻകാലങ്ങളിൽ മേളകൾ, കലോത്സവങ്ങൾ പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കിടയിൽ വരുന്ന ഞായറാഴ്ചകളിൽ അവധി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ആ രീതി പൂർണ്ണമായും മാറ്റിയിരിക്കുന്നു. അവധിദിനങ്ങൾ നിർബന്ധിത പ്രവർത്തിദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണം.

പഠനത്തിന്റെ ഭാഗംതന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്പുകളും പരിശീലനപരിപാടികളും മറ്റും അധ്യായനദിവസങ്ങളിൽതന്നെ ക്രമീകരിക്കുന്ന നയം സർക്കാർ സ്വീകരിക്കണം. അതിനുവേണ്ട നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നൽകുകയും ചെയ്യണം.

ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെ. സി. ബി. സി. ജാഗ്രതാ കമ്മീഷൻ

ഫാ. ആന്റണി വക്കോ അറക്കൽ
സെക്രട്ടറി, കെ. സി. ബി. സി. വിദ്യാഭ്യാസ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News