“ഞങ്ങളുടേത് മാന്യവും ലളിതവും സുന്ദരവുമായ വീടായിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ അത് നിന്നിരുന്ന സ്ഥലം വ്യക്തായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. മുഴുവൻ തകർന്ന കെട്ടിടങ്ങളാൽ നിറഞ്ഞിരുന്നു. അവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലിൽ ഞങ്ങളുടെ വീട് ഇനി ഇല്ല എന്ന് മനസ്സിലാക്കി. ആ അറിവ് അത്യന്തം വേദനാജനകമായിരുന്നു” – ലെബനനിലെ കാർ ഡീലറായ മിസ്റ്റർ മറൂഫ് ഇത് പറഞ്ഞവസാനിപ്പിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇത് ഇന്ന് ലെബനനിലേക്കു തിരികെയെത്തിയ പലരുടെയും അവസ്ഥയാണ്. വീടിരുന്നിടത്ത് വീടില്ല; പകരം തകർന്ന കെട്ടിടങ്ങളുടെ കൂമ്പാരം മാത്രം. പലതിൽനിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. അതൊക്കെ കണ്ട് നിർവികാരതയോടെ നിൽക്കാനേ പലർക്കും കഴിയുന്നുള്ളൂ. വെടിനിർത്തലിനെത്തുടർന്ന് മടങ്ങിയെത്തിയവരിൽ പലരും സ്വന്തം വീട്ടിൽ പോകാനാകാതെ മറ്റു പലയിടങ്ങളിലും കഴിയുകയാണ് – ചിലർ ബന്ധുക്കളുടെ വീട്ടിൽ, ചിലർ ക്യാമ്പുകളിലും മറ്റും. സ്വന്തം വീട്ടിലേക്ക് എന്ന വിധത്തിൽ ഒരു തിരിച്ചുപോക്ക് പലർക്കും അസാധ്യമായ കാര്യമാണ്.
വെടിനിർത്തൽ പ്രഖ്യാപിച്ചതുമുതൽ മടങ്ങിയെത്തുന്നവരുടെ വാഹനങ്ങളാൽ വഴികൾ നിറഞ്ഞു. മടങ്ങിയെത്തുന്നവർക്കിടയിൽ പലതരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഭൂരിഭാഗം ആളുകളും, യുദ്ധം മരണവും തകർച്ചയും മാത്രമേ ഉണ്ടാകുന്നുള്ളൂവെന്നും ലെബനനെ അതിന്റെ താൽപര്യങ്ങൾക്കനുസൃതമല്ലാത്ത ഒരു സംഘട്ടനത്തിലേക്കു വലിച്ചിഴച്ചുവെന്ന് പറഞ്ഞ് ഹിസ്ബുള്ളയെ കുറ്റപ്പെടുത്തി. എന്നാൽ ചിലർ ഇപ്പോഴും ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നു. എന്തുതന്നെയായാലും മടങ്ങിയെത്തിയവരിൽ ഭൂരിഭാഗവും തകർന്ന അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ച തങ്ങളുടെ വീടുകളിലേക്കാണ് എത്തിയത്.
യുദ്ധത്തിൽ ഏകദേശം നാലായിരം പേർ കൊല്ലപ്പെടുകയും പതിനാറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. യുദ്ധം അവശേഷിപ്പിച്ച ഭീകരതയിൽനിന്നും കഷ്ടതകളിൽനിന്നും കരകയറാൻ നാളുകളെടുക്കും. അതിനിടെ ഇനിയും മറ്റൊരു യുദ്ധത്തിന് വഴിതെളിക്കരുതേ എന്നാണ് ഇവരുടെ പ്രാർഥന.