Friday, February 28, 2025

മ്യാന്മറിൽ നിയമവിരുദ്ധ വൃക്കവിൽപന വ്യാപകം: ആഭ്യന്തരയുദ്ധത്തിന്റെ മറ്റൊരു പരിണിതഫലം

“ഒരു വീട് സ്വന്തമാക്കി കടങ്ങൾ വീട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഞാൻ എന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ചത്” – മ്യാന്മറിലെ കർഷകത്തൊഴിലാളിയായ സേയ പറഞ്ഞുതുടങ്ങുന്നു.

2021 ൽ ഒരു സൈനിക അട്ടിമറി, ആഭ്യന്തരയുദ്ധത്തിനു കാരണമായതിനെത്തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയും ജീവിതപ്രശ്നങ്ങളുമാണ് രാജ്യത്തെ സാധാരണക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്. വർധിച്ച നാശനഷ്ടങ്ങളും വിലക്കയറ്റവും മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ തൊഴിൽസാധ്യത പോലും ആ രാജ്യത്തില്ല. ഈ അവസരത്തിലാണ് നിയമവിരുദ്ധമായ വൃക്കവിൽപന ഇവിടെ വ്യാപകമാകുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ.

തങ്ങളുടെ വൃക്കകളിലൊന്ന് വിറ്റ പ്രദേശവാസികളെക്കുറിച്ച് സേയയ്ക്ക് അറിയാമായിരുന്നു. അവരുടെ പേര് വെളിപ്പെടുത്താതെ സേയ പറഞ്ഞുതുടങ്ങി. “അവർ ആരോഗ്യവാന്മാരാണെന്ന് എനിക്കു തോന്നി.” അങ്ങനെ സേയ അന്വേഷിക്കാൻ തുടങ്ങി.

ഇന്ത്യയിലെത്തി ഒരു വൃക്ക വിറ്റതായി പറഞ്ഞ പ്രദേശത്തെ എട്ടുപേരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ അവയവ വ്യാപാരം നിയമവിരുദ്ധമായിട്ടും ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് വലിയ ആശങ്കയിലേക്കു വിരൽചൂണ്ടുന്നു.

മ്യാന്മറിലും ഇന്ത്യയിലും മനുഷ്യാവയവങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്. എന്നാൽ ‘ബ്രോക്കർ’ എന്ന് താൻ വിശേഷിപ്പിക്കുന്ന ഒരാളെ ഉടൻതന്നെ കണ്ടെത്തിയെന്ന് സേയ പറയുന്നു. ആ പുരുഷൻ വൈദ്യപരിശോധനകൾ സംഘടിപ്പിച്ചുവെന്നും ഏതാനും ആഴ്ചകൾക്കുശേഷം ഒരു സ്വീകർത്താവിനെ – ഒരു ബർമീസ് സ്ത്രീയെ – കണ്ടെത്തിയെന്നും രണ്ടുപേർക്കും ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്കു പോകാമെന്നും തന്നോട് പറഞ്ഞുവെന്നും സേയ പറഞ്ഞു.

ഇന്ത്യയിൽ, ദാതാവും സ്വീകർത്താവും അടുത്ത ബന്ധുക്കളല്ലെങ്കിൽ, ഉദ്ദേശ്യം നിസ്വാർഥമാണെന്ന് അവർ തെളിയിക്കുകയും അവർ തമ്മിലുള്ള ബന്ധം വിശദീകരിക്കുകയും വേണം. അതിനായി മ്യാന്മറിലെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു രേഖ ബ്രോക്കർ വ്യാജമായി നിർമ്മിച്ചുവെന്നും സേയ പറയുന്നു.

“ബ്രോക്കർ എന്റെ പേര് സ്വീകർത്താവിന്റെ കുടുംബവൃക്ഷത്തിൽ ചേർത്തു” – അദ്ദേഹം വിശദീകരിക്കുന്നു. പിന്നീട്, ബ്രോക്കർ തന്നെ യാങ്കോണിൽ സ്വീകർത്താവിനെ കാണാൻ കൊണ്ടുപോയി എന്ന് അദ്ദേഹം പറയുന്നു. അവിടെ, ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ കൂടുതൽ രേഖകൾ പൂർത്തിയാക്കിയതായും സേയ പിന്മാറിയാൽ ഗണ്യമായ ഫീസ് നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറയുന്നു.

വൃക്ക കൊടുക്കുന്നതിന് 7.5 മില്യൺ മ്യാന്മർ ക്യാറ്റുകൾ ലഭിക്കുമെന്ന് തന്നോട് പറഞ്ഞിരുന്നതായി സേയ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതിന് 1,700 ഡോളറിനും 2,700 ഡോളറിനും ഇടയിലാണ് വില. അട്ടിമറിക്കുശേഷം അനൗദ്യോഗിക വിനിമയ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കായി താൻ വടക്കേ ഇന്ത്യയിലെ വലിയൊരു ആശുപത്രിയിലേക്ക് പോയതായി അദ്ദേഹം പറയുന്നു.

വിദേശപൗരന്മാർ ഉൾപ്പെടുന്ന എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളും ആശുപത്രിയോ, തദ്ദേശ സ്വയംഭരണ സ്ഥാപനമോ സ്ഥാപിക്കുന്ന ഒരു ഓതറൈസേഷൻ കമ്മിറ്റി എന്ന പാനലിന്റെ അംഗീകാരം നേടിയിരിക്കണം. ഒരു വിവർത്തകൻ വഴി ഏകദേശം നാലുപേർ തന്നെ അഭിമുഖം നടത്തിയതായി സേയ പറയുന്നു.

“നിർബന്ധിച്ചാണോ അതോ സ്വമേധയാ വൃക്ക ദാനം ചെയ്യുകയാണോ എന്ന് അവർ എന്നോട് ചോദിച്ചു” – അദ്ദേഹം പറയുന്നു. സ്വീകർത്താവ് തന്റെ ബന്ധുവാണെന്നും ട്രാൻസ്പ്ലാൻറ് അംഗീകരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

“ശസ്ത്രക്രിയയ്ക്കുശേഷം വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല; വേദനയില്ലാതെ എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല എന്നതൊഴിച്ചാൽ” – അദ്ദേഹം പറയുന്നു. അതിനുശേഷം ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു ദാതാവായ മിയോ വിൻ (യഥാർഥ പേരല്ല) പറഞ്ഞത്, താനും ഒരു അപരിചിതനുമായി ബന്ധമുള്ളതായി നടിച്ചു എന്നാണ്.

“ബ്രോക്കർ എനിക്ക് ഒരു കടലാസ് തന്നു. അതിൽ എഴുതിയിരിക്കുന്നത് ഞാൻ മനഃപാഠമാക്കേണ്ടിവന്നു” – അദ്ദേഹം പറയുന്നു. സ്വീകർത്താവ് തന്റെ ബന്ധുക്കളിൽ ഒരാളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയാൻ തന്നോടു പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്റെ കേസ് വിലയിരുത്തുന്ന വ്യക്തി എന്റെ അമ്മയെയും വിളിച്ചു. എന്നാൽ, ഫോൺസംഭാഷണം നടക്കുന്നതിനായിമാത്രം ബ്രോക്കർ ഒരു വ്യാജ അമ്മയെ എനിക്കായി ഏർപ്പാട് ചെയ്തിരുന്നു.” കോളിനു മറുപടി നൽകിയ വ്യക്തി, തന്റെ അനുമതിയോടെ വൃക്ക ദാനം ചെയ്യുകയാണെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സേയയ്ക്ക് നൽകിയ അതേ തുകതന്നെ തനിക്ക് വാഗ്ദാനം ചെയ്തതായും എന്നാൽ അതൊരു ‘ചാരിറ്റബിൾ സംഭാവന’ എന്നാണ് വിശേഷിപ്പിച്ചതെന്നും തുകയുടെ 10% ബ്രോക്കർക്ക് നൽകേണ്ടിവന്നതായും മിയോ വിൻ പറയുന്നു. പണത്തിന്റെ മൂന്നിലൊന്ന് മുൻകൂട്ടി നൽകിയതായി ഇരുവരും വെളിപ്പെടുത്തി. കടബാധ്യതയും ഭാര്യയുടെ ചികിത്സാചെലവുകളും കൊണ്ട് ബുദ്ധിമുട്ടുന്നതിനാലാണ് താൻ നിരാശാജനകമായ ഈ വഴി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അട്ടിമറിക്കുശേഷം മ്യാന്മറിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നു. യുദ്ധം സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും വിദേശനിക്ഷേപകരുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്തു. 2017 ൽ ജനസംഖ്യയുടെ നാലിലൊന്നു പേർ ദാരിദ്ര്യത്തിലായിരുന്നു. എന്നാൽ 2023 ആയപ്പോഴേക്കും ഇത് പകുതിയായി ഉയർന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ വികസന ഏജൻസിയായ യു എൻ ഡി പി പറയുന്നു.

തന്റെ വൃക്ക വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രോക്കർ തന്നോട് പറഞ്ഞില്ലെന്ന് മിയോ വിൻ പറയുന്നു. “അദ്ദേഹം അത് പറഞ്ഞിരുന്നെങ്കിൽ ഞാൻ അത് ചെയ്യുമായിരുന്നില്ല. ജയിലിൽ പോകേണ്ടിവരുമെന്ന് ഞാൻ ഭയപ്പെടുന്നു” – വിൻ പറയുന്നു.

എന്നിരുന്നാലും, മ്യാന്മറിലെ പേര് വെളിപ്പെടുത്താത്ത മറ്റൊരു വ്യക്തി, ഇന്ത്യയിൽ ശസ്ത്രക്രിയവഴി ഏകദേശം പത്തുപേർക്ക് വൃക്കകൾ വാങ്ങാനോ, വിൽക്കാനോ സഹായിച്ചതായി പറഞ്ഞു. മധ്യ മ്യാന്മറിലെ മണ്ഡലയിലുള്ള ഒരു ‘ഏജൻസി’യിലേക്ക് ആളുകളെ റഫർ ചെയ്തതായും അതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായും അദ്ദേഹം പറഞ്ഞു. അപരിചിതരെ വിവാഹബന്ധമുള്ളവരായി മുദ്രകുത്താൻ വ്യാജരേഖകൾ നിർമ്മിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായത്തിന് പണം ലഭിച്ചോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയില്ല.

2010 മുതൽ ലോകമെമ്പാടും 50 ശതമാനത്തിലധികം അവയവമാറ്റ ശസ്ത്രക്രിയകൾ വർധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, പ്രതിവർഷം ഏകദേശം ഒന്നര ലക്ഷം അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ദാനം ചെയ്യപ്പെടുന്ന അവയവങ്ങളുടെ വിതരണം ആഗോള ആവശ്യത്തിന്റെ ഏകദേശം 10 % മാത്രമേ നിറവേറ്റപ്പെടുന്നുള്ളൂ.

മനുഷ്യശരീരഭാഗങ്ങളുടെ വ്യാപാരം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. 2007 ൽ, മാറ്റിവയ്ക്കൽ അവയവങ്ങളുടെ അഞ്ചു മുതൽ പത്തു ശതമാനം വരെ കരിഞ്ചന്തയിൽനിന്നാണ് വരുന്നതെന്ന് WHO കണക്കാക്കിയിട്ടുണ്ട്. നേപ്പാൾ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ഏഷ്യയിലുടനീളം ദാരിദ്ര്യം മൂലമുണ്ടാകുന്ന നിയമവിരുദ്ധ വൃക്കവിൽപന സമീപവർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ വളരെക്കാലമായി മെഡിക്കൽ ടൂറിസത്തിന്റെ കേന്ദ്രമാണ്. മാധ്യമ റിപ്പോർട്ടുകളുടെയും സമീപകാല പൊലീസ് അന്വേഷണത്തിന്റെയും ഫലമായി വൃക്കവിൽപനയെക്കുറിച്ചുള്ള ആശങ്ക അവിടെ വർധിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈയിൽ, വൃക്ക റാക്കറ്റുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ പൊലീസ് പറഞ്ഞിരുന്നു. അതിൽ ഒരു ഇന്ത്യൻ ഡോക്ടറും അവരുടെ സഹായിയും ഉൾപ്പെടുന്നു.

“എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് കഴിഞ്ഞു. ഞാൻ ഒരു സ്ഥലം വാങ്ങി” – സേയ പറഞ്ഞു. എന്നാൽ വീട് പണിയാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുമ്പോൾ വീട് പണിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് ഉടൻ ജോലി പുനരാരംഭിക്കണം. പാർശ്വഫലങ്ങൾ വീണ്ടും ഉണ്ടായാൽ ഞാൻ അത് നേരിടേണ്ടിവരും. എനിക്ക് അതിൽ ഒരു ഖേദവുമില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വീകർത്താവുമായി കുറച്ചുകാലം താൻ ബന്ധം പുലർത്തിയിരുന്നുവെന്നും ശസ്ത്രക്രിയയ്ക്കുശേഷം താൻ ആരോഗ്യവാനായിരിക്കുന്നെന്നും അദ്ദേഹം തന്നോടു പറഞ്ഞതായും സേയ പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് ആറു മാസത്തിനുശേഷം തന്റെ കടങ്ങളിൽ ഭൂരിഭാഗവും വീട്ടിയെങ്കിലും മുഴുവൻ കടവും വീട്ടിയില്ലെന്ന് മിയോ വിൻ പറയുന്നു. “എനിക്ക് ജോലിയില്ല. ഒരു പൈസ പോലും ബാക്കിയില്ല” – ശസ്ത്രക്രിയയ്ക്കുശേഷം തനിക്ക് വയറ്റിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും തനിക്ക് ഒരു ഖേദവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. “പക്ഷേ, മറ്റുള്ളവരോട് ഇത് ചെയ്യരുതെന്ന് ഞാൻ പറയുകയാണ്. ഇത് നല്ലതല്ല” – പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആഭ്യന്തരകലാപം മൂലം ബുദ്ധിമുട്ടുന്നത് ഏറ്റവും താഴേക്കിടയിലുള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപിക്കാനും സ്വയം കുരുതികൊടുക്കുന്നതു പോലെയുള്ള കാര്യങ്ങൾ ചെയ്യാനും ഇവരൊക്കെയും നിർബന്ധിതരാകുന്നു.

ആഭ്യന്തരയുദ്ധത്തിന്റെ നിരവധി കെടുതികൾ നാം കണ്ടിട്ടുണ്ട്. ഭയാനകമാംവിധമാണ് ഇത്തരം കാര്യങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിച്ചിരിക്കുന്ന, സ്വയം ഒരു ബാധ്യതയാകുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥകൾ ഇനിയും ലോകം കാണാതെപോകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News