Thursday, February 27, 2025

ഉത്തര കൊറിയൻ സൈനികരെ കടൽമാർഗം റഷ്യയിലേക്കു കൊണ്ടുപോകുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമായി

യുക്രൈനെതിരായ യുദ്ധത്തിൽ പോരാടുന്നതിനായി നൂറുകണക്കിന് ഉത്തര കൊറിയൻ സൈനികരെ കടൽമാർഗം റഷ്യയിലേക്കു കൊണ്ടുപോകുന്ന ഉപഗ്രഹചിത്രങ്ങൾ വെളിപ്പെട്ടുകിട്ടിയതായി യു എസ് ആസ്ഥാനമായുള്ള നിരീക്ഷണസംഘം വ്യക്തമാക്കിയതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രൊലിഫറേഷൻ സ്റ്റഡീസിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഒക്ടോബർ, നവംബർ മാസങ്ങളിൽ കുറഞ്ഞത് രണ്ട് റഷ്യൻ നാവിക കപ്പലുകളെങ്കിലും ഉത്തര കൊറിയൻ സൈനികരെ വിദൂര കിഴക്കൻപ്രദേശമായ ദുനൈയിലുള്ള ഒരു റഷ്യൻ സൈനിക തുറമുഖത്തേക്കു മാറ്റിയതായി വിശ്വസിക്കപ്പെടുന്നു എന്നാണ്.

കപ്പൽ കൈമാറ്റം ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻ ഐ എസ്) ആണ്. കഴിഞ്ഞ വർഷം ഒരു പത്രക്കുറിപ്പിൽ ചില സൈനികരെ ഉത്തര കൊറിയൻ തുറമുഖപ്രദേശങ്ങളായ ചോങ്‌ജിൻ, ഹംഹുങ്, മുസുദാൻ എന്നിവ വഴി കടത്തിയതായി പറഞ്ഞിരുന്നു. എന്നാൽ ദക്ഷിണ കൊറിയൻ ഏജൻസി ആ സമയത്ത് ഒരു ഗ്രെയിനൽ റഡാർ ചിത്രം മാത്രമേ നൽകിയിരുന്നുള്ളൂ.

ജനുവരിയിൽ യുക്രേനിയൻ ഉദ്യോഗസ്ഥരുടെയും പാശ്ചാത്യ രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഏകദേശം 12,000 ഉത്തര കൊറിയൻ സൈനികരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ഏകദേശം 4000 സൈനികർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. യുക്രൈൻ കുറഞ്ഞത് രണ്ടുപേരെ പിടികൂടിയിരുന്നു. എന്നാൽ മുൻനിരയിൽ ഉത്തര കൊറിയൻ സൈനികരുടെ സാന്നിധ്യം മോസ്കോയോ, പ്യോങ്‌യാങ്ങോ സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News