Sunday, November 24, 2024

ആമസോണ്‍ എന്ന ‘കടല്‍ നദി’

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ആമസോണ്‍, അതു വഹിക്കുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു. നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും. നിത്യ ഹരിത മഴക്കാടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന ആമസോണ്‍, പെറുവിലെ നെവാഡൊ മിസീമിയില്‍ നിന്ന് ഉദ്ഭവിച്ച് ബ്രസീലില്‍ വച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്നത്.

കൊളംബിയ അടക്കം മൂന്ന് രാജ്യങ്ങളിലൂടെ ഇത് കടന്നു പോകുന്നുണ്ട്. ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളിലൂടെയാണ് ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്. വെനിസ്വേല, കൊളംബിയ, ഇക്വഡോര്‍, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇതിലേക്ക് പോഷകനദികള്‍ വന്നുചേരുന്നു. 1700 പോഷകനദികളുള്ള ആമസോണിലെ 17 നദികളുടെ നീളം 1,600 കിലോമീറ്റര്‍ ആണ്. ഭൂമിയിലെ ശുദ്ധജലത്തിന്റെ 20% ആമസോണിലാണ്. ഗ്രീക്ക് ഇതിഹാസങ്ങളില്‍ അറിയപ്പെടുന്ന ധീര വനിതാ പോരാളികളാണ് ആമസോണുകള്‍. ആമസോണിനു ആ പേരു കിട്ടിയത് ഈ പോരാളികളില്‍ നിന്നാണ്.

കടല്‍ നദി

ഒരു നദിയെ അതിന്റെ ഭീമമായ വലുപ്പം കൊണ്ട് ‘കടല്‍’ നദി എന്ന് വിളിക്കാമെങ്കില്‍ ആ സവിശേഷത ആമസോണ്‍ നദിക്ക് അവകാശപ്പെട്ടതാണ്. ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന് ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്. ആമസോണിനാണ് ലോകത്തെ ഏറ്റവും വലിയ നീര്‍ത്തടവ്യവസ്ഥയുള്ളത്. ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്നു വരും. ഒന്നര കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയാണ് പല സ്ഥലത്തും ആമസോണിന്റെ വീതി.

മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും വീതി ഏകദേശം 40 കി.മീറ്ററും ആയി മാറുന്നു. ഈ ഒരു കാരണത്താലാണ് ഇതിനെ കടല്‍ നദിയെന്നു വിളിക്കുന്നത്. നദിയിലെ ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലമാണ്. അതിലൂടെ യാത്ര ചെയ്യുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും. അതേസമയം പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്.

ആമസോണിലെ ഭീകരജീവികള്‍

കൂട്ടത്തോടെ സഞ്ചരിക്കുന്ന വലിയ പിരാന മത്സ്യങ്ങള്‍ ധാരാളമുണ്ട്, ആമസോണ്‍ നദിയില്‍. മറ്റുള്ള ജന്തുക്കളെയും മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികള്‍. ആമസോണ്‍ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളില്‍ കാണപ്പെടുന്ന പാമ്പാണ് അനക്കൊണ്ട. അതില്‍ തന്നെ ആമസോണ്‍ നദീ തടങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഇനമാണ് ഗ്രീന്‍ അനക്കോണ്ട. ഏകദേശം 29 അടിയിലധികം നീളവും 550 പൗണ്ടിലധികം ഭാരവുമാണ് ഇവയ്ക്കുള്ളത്. നീരുറവകള്‍, ചതുപ്പു നിലങ്ങള്‍, ഒഴുകുന്ന അരുവികള്‍ എന്നിവിടങ്ങളിലൊക്കെയാണ് ഇവ കാണപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളുടെ ഇനത്തില്‍ പെടുന്ന ഇവ നാസാദ്വാരങ്ങള്‍ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ് കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. ആയിരക്കണക്കിന് തരത്തില്‍പ്പെട്ട മത്സ്യങ്ങള്‍, ഞണ്ടുകള്‍, ആല്‍ഗകള്‍, ആമകള്‍ എന്നിവയും ഈ മേഖലയില്‍ അധിവസിക്കുന്നു. ലോകത്തിലുള്ള ശുദ്ധജലത്തിന്റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്. അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ എത്രത്തോളം ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും ഊഹിക്കാം.

ഭൂമിയുടെ ശ്വാസകോശം

ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കയ്യടക്കിയിട്ടുണ്ട്. 6.7 മില്യന്‍ ചതുരശ്ര കിലോമീറ്ററില്‍ നാനൂറ് ബില്ല്യന്‍ മരങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഈ മരങ്ങളിലൂടെയാണ് ലോകത്തിലെ ഇരുപത് ശതമാനത്തോളം ഒക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ മികച്ച കാരണം വേറെയുണ്ടാവേണ്ടതില്ല. ഈ മഴക്കാടുകള്‍ 90-140 ട്രില്യന്‍ ടണ്‍ കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്. ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിന്റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം. ഇപ്രകാരം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുഗ്രഹമായി നിലകൊള്ളുന്നവയാണ് ആമസോണ്‍ നദിയുടെ ഭാഗമായ ഈ മഴക്കാടുകള്‍.

Latest News