കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി ഇന്ത്യയിലെ ആയുർദൈർഘ്യം കുറഞ്ഞതായി രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച്, കോവിഡ് 19 പകർച്ചവ്യാധിയുടെ ഏറ്റവും മാരകമായ വർഷമായ 2021 ൽ ഇന്ത്യയിൽ ഏകദേശം രണ്ടു ദശലക്ഷം അധിക മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016-2020 നെ അപേക്ഷിച്ച് 2017 നും 2021 നുമിടയിൽ ജനനസമയത്തെ ആയുർദൈർഘ്യം കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഇതേ കാലയളവിൽ ആയുർദൈർഘ്യം കുറഞ്ഞിട്ടുണ്ട്.
ജനനസമയത്തെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യം ഡൽഹിയിലാണ് – പുരുഷന്മാരുടെ 73 വയസ്സ്. കേരളത്തിൽ സ്ത്രീകളുടെ 77.9 വയസ്സ്. ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യം ഛത്തീസ്ഗഢിലാണ് – പുരുഷന്മാരുടെ 62.8 വയസ്സും സ്ത്രീകളുടെ 66.4 വയസ്സും. “1970-75 മുതൽ 2017-21 വരെയുള്ള കാലയളവിൽ പുരുഷന്മാരുടെ ആയുർദൈർഘ്യത്തിൽ പരമാവധി വാർഷിക ശരാശരി വർധനവ് ഒഡീഷയിലാണ്; ഏറ്റവും കുറവ് ഹരിയാനയിലും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പരമാവധി വർധനവ് ഹിമാചൽ പ്രദേശിലും ഒഡീഷയിലും രേഖപ്പെടുത്തിയിട്ടുണ്ട്; ഏറ്റവും കുറവ് കേരളത്തിലുമാണ്.” റിപ്പോർട്ടിൽ പറയുന്നു.
2021 ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (CRS) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം 2020 ൽ 8.1 ദശലക്ഷത്തിൽ നിന്ന് 2021 ൽ 10.2 ദശലക്ഷമായി വർധിച്ചു. എന്നാൽ സർക്കാർ ഈ മരണങ്ങളിൽ ഏകദേശം 0.6 ദശലക്ഷത്തെ കോവിഡ് 19 മായി ബന്ധിപ്പിച്ചിരിക്കുന്നു.
രജിസ്റ്റർ ചെയ്ത മൊത്തം മരണങ്ങളിൽ 26% വർധനവുണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. ഉയർന്ന മരണങ്ങൾ റിപ്പോർട്ട് ചെയ്ത 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബീഹാർ, ആന്ധ്രാപ്രദേശ്, കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ 2020 മുതൽ 2021 വരെ ഒരുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.