Wednesday, June 10, 2026

യുക്രൈൻ-റഷ്യ വെടിനിർത്തൽ ചർച്ചകളെ പിന്തുണയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാർ

യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തി വെടിനിർത്തൽ ഉറപ്പാക്കാനുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്താവനയിലൂടെ ചർച്ചകൾക്ക് പിന്തുണ അറിയിച്ചതും സമാധാന ശ്രമങ്ങളിൽ യൂറോപ്പ് സജീവ പങ്കുവഹിക്കുമെന്ന് വ്യക്തമാക്കിയതും.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ ഞായറാഴ്ച ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. യുക്രൈന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര സഖ്യകക്ഷികളായ ഈ മൂന്ന് രാജ്യങ്ങളും ‘E3’ എന്ന അനൗദ്യോഗിക സുരക്ഷാ സഖ്യത്തിന്റെ ഭാഗമാണ്.

അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ യുക്രെയ്നും റഷ്യയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ വേണമെന്ന സെലൻസ്കിയുടെ നിലപാടിനെ മൂന്ന് നേതാക്കളും അഭിനന്ദിച്ചു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്കിയുടെ ആവശ്യത്തെ തങ്ങൾ പിന്തുണയ്ക്കുന്നതായി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മുഖാമുഖം ചർച്ച നടത്താം എന്ന് കാണിച്ച് ദിവസങ്ങൾക്ക് മുൻപ് സെലൻസ്കി പുടിന് തുറന്ന കത്തെഴുതിയിരുന്നു. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ നിർദ്ദേശം തള്ളിക്കളയുകയാണ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News