Wednesday, June 10, 2026

സ്പെയിനിലെ പാർലമെന്റിൽ മാർപാപ്പ നടത്തിയ പ്രസംഗത്തിലെ പത്ത് സുപ്രധാന കാര്യങ്ങൾ

ജൂൺ എട്ട് തിങ്കളാഴ്ച സ്പാനിഷ് പാർലമെന്റിൽ ലെയോ പതിനാലാമൻ മാർപാപ്പ നടത്തിയ പ്രസംഗം സമകാലിക ലോകം നേരിടുന്ന രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളിലേക്കുള്ള വിരൽചൂണ്ടലായിരുന്നു. ആഗോള ശ്രദ്ധയാകർഷിച്ച പ്രസംഗത്തിലെ പത്ത് പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ:

1. നിയമനിർമ്മാണവും മനുഷ്യാവബോധവും

വ്യത്യസ്ത നിലപാടുകളുടെ നിയമപരമായ വൈവിധ്യങ്ങൾക്കപ്പുറം, ഓരോ നിയമനിർമ്മാണ ചുമതലയും ഒടുവിൽ എത്തിനിൽക്കുന്നത് ഒരു നിർണ്ണായക ചോദ്യത്തിലാണ്: ഏത് തരത്തിലുള്ള മനുഷ്യാവബോധമാണ് ഈ നിയമങ്ങൾക്ക് പ്രചോദനമാകുന്നത്, ഈ നിയമങ്ങൾ ഏത് തരത്തിലുള്ള സമൂഹത്തെയാണ് കെട്ടിപ്പടുക്കുന്നത്?

2. മനുഷ്യാന്തസ്സിന്റെ പ്രാധാന്യം

യഥാർത്ഥ നീതിയുക്തമായ ഏതൊരു സമൂഹവും കെട്ടിപ്പടുക്കപ്പെടുന്നത് മനുഷ്യാന്തസ്സിന്റെ ലംഘിക്കാനാകാത്ത അംഗീകാരത്തിന്മേലാണ്. അത്തരം അന്തസ്സ് ഭരണകൂടം നൽകുന്ന ഏതൊരു ആനുകൂല്യത്തിനും അപ്പുറത്തുള്ളതാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സമവായങ്ങൾക്കോ ഓരോ കാലത്തെയും ഭൂരിപക്ഷത്തിന്റെ താൽപ്പര്യങ്ങൾക്കോ അതിനെ കീഴ്പെടുത്താൻ കഴിയില്ല.

3. പാർശ്വവത്കരിക്കപ്പെടുന്നവരുടെ അവകാശങ്ങൾ

ജീവൻ ഒരു മൗലിക മൂല്യമായി അംഗീകരിക്കപ്പെടാതായാൽ, നമ്മുടെ സമൂഹങ്ങൾക്ക് എന്ത് ഭാവിയാണുള്ളത്? ജനിക്കാത്ത കുഞ്ഞിനെയോ, പ്രായമായവരെയോ, രോഗികളെയോ, നിശബ്ദമായി കഷ്ടപ്പെടുന്നവരെയോ, അല്ലെങ്കിൽ മറ്റുള്ളവരുടെ പരിചരണത്തെ പൂർണ്ണമായി ആശ്രയിക്കുന്നവരെയോ അവഗണനയുടെ നിഴലിൽ നിർത്തുന്ന ഒരു സമൂഹത്തെ പൂർണ്ണമായും നീതിയുക്തമെന്ന് വിളിക്കാൻ കഴിയുമോ?

4. ജീവന്റെ സംരക്ഷണം, നാഗരികതയുടെ ലക്ഷ്യം

മനുഷ്യജീവൻ സംരക്ഷിക്കുക എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെയോ മതവിഭാഗത്തിന്റെയോ മാത്രം താൽപ്പര്യമല്ല; അത് മനുഷ്യനാഗരികതയുടെ ലക്ഷ്യമാണ്. എല്ലാ മനുഷ്യജീവനും അതിന്റെ ഉത്ഭവം മുതൽ സ്വാഭാവിക മരണം വരെ, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം.

5. സമൂഹത്തിന്റെ അടിത്തറ കുടുംബം

കുടുംബങ്ങൾക്ക് പിന്തുണ ലഭിക്കുന്നിടത്ത്, രാഷ്ട്രങ്ങളുടെ ആത്മീയവും സാമൂഹികവുമായ സുസ്ഥിരതയും ശക്തിപ്പെടുന്നു. കുടുംബം എപ്പോഴും മനുഷ്യത്വത്തിന്റെ ആദ്യത്തെ വിദ്യാലയമായിരിക്കും. മറ്റെവിടെയെങ്കിലും പഠിക്കുന്നതിന് മുമ്പ് പരസ്പരം ജീവിക്കുന്നതിന്റെ അടിസ്ഥാന വ്യാകരണം മനുഷ്യൻ പഠിക്കുന്നത് അവിടെ നിന്നാണ്: ജീവനെ സ്വീകരിക്കുക, മറ്റുള്ളവരെ പരിപാലിക്കുക, ക്ഷമിക്കുക, സേവിക്കുക, ഒന്നിച്ച് ജീവിക്കുക എന്നിവയാണവ.

6. കുടിയേറ്റവും വിവേചനവും

ദേശീയത, വംശം, മതം, ഭാഷ എന്നിവയുടെ പേരിലോ സാമ്പത്തിക-സാമൂഹിക പദവികളുടെ പേരിലോ ഒരു വ്യക്തി വിവേചനം നേരിടേണ്ടി വരുമ്പോഴെല്ലാം, എല്ലാ മനുഷ്യരുടെയും തുല്യമായ അന്തസ്സ് എന്ന സാർവത്രിക തത്വം ഗുരുതരമായി ലംഘിക്കപ്പെടുകയാണ്. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സാഹചര്യം മനുഷ്യത്വപരമായ ഒരു പ്രതികരണം ആവശ്യപ്പെടുന്നു; അത് അവരെ നാടുവിടാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളെ അഭിസംബോധന ചെയ്യുന്നതും കേവലം ജനപ്രവാഹത്തെ നിയന്ത്രിക്കുന്നതിനപ്പുറം ഉള്ളതുമായിരിക്കണം.

7. രാഷ്ട്രീയ ബഹുസ്വരത

രാഷ്ട്രീയ ബഹുസ്വരത എന്നത് എതിരാളികളെ നിരന്തരം അധിക്ഷേപിക്കുന്ന തലത്തിലേക്ക് തരം താഴരുത്. പരസ്പരം കേൾക്കാനും എല്ലാവരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും കഴിവുകളും അംഗീകരിക്കാനും തയ്യാറാകുമ്പോൾ, പരിപക്വമായ ഒരു സഹവർത്തിത്വത്തിൽ അഭിപ്രായവ്യത്യാസങ്ങൾ പോലും സമാധാനത്തിലേക്കുള്ള പാതയായി മാറും.

8. മതസ്വാതന്ത്ര്യം

ആധുനിക ഭരണകൂടങ്ങൾ കെട്ടിപ്പടുത്തിരിക്കുന്ന സ്വാതന്ത്ര്യം യഥാർത്ഥമാണെങ്കിൽ, അത് മനുഷ്യന്റെ മതപരമായ തലത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും നിയമപരമായി സംരക്ഷിക്കുകയും വേണം. സ്വന്തം വിശ്വാസം കാരണം ആർക്കും തങ്ങൾ ജീവിക്കുന്ന സമൂഹത്തിന് സംഭാവനകൾ നൽകുന്നതിൽ നിന്ന് പിന്മാറേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്.

9. യുദ്ധങ്ങൾ, ചർച്ചകളുടെ പരാജയം

ഏതൊരു യുദ്ധവും ആത്യന്തികമായി ചർച്ചകൾ നടത്താനുള്ള കഴിവിന്റെയും രാഷ്ട്രങ്ങൾ തമ്മിലുള്ള നീതിയുടെ ബന്ധങ്ങളെ അംഗീകരിക്കുന്ന മനുഷ്യത്വത്തിന്റെ പൊതുമനസ്സാക്ഷിയുടെയും വേദനാജനകമായ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആയുധങ്ങൾക്ക് താൽക്കാലികമായ നിശ്ശബ്ദത അടിച്ചേൽപ്പിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ യഥാർത്ഥവും ശാശ്വതവുമായ സമാധാനം കെട്ടിപ്പടുക്കാൻ അവയ്ക്ക് ഒരിക്കലും കഴിയില്ല.

10. ഭാഷയെ നിരായുധമാക്കുക

വാക്കുകൾക്ക് വഴികൾ തുറക്കാനും അടയ്ക്കാനും കഴിയും; അവയ്ക്ക് യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശാനും അല്ലെങ്കിൽ പരസ്പരമുള്ള കൂടിക്കാഴ്ചകളെ അസാധ്യമാക്കുന്ന തരത്തിൽ അതിനെ വളച്ചൊടിക്കാനും കഴിയും. അതിനാൽ, ‘ഭാഷയെ നിരായുധമാക്കാൻ’ വാക്കുകളെ കാത്തുസൂക്ഷിക്കേണ്ട പ്രത്യേക ബാധ്യത പൊതുപദവികൾ അലങ്കരിക്കുന്നവർക്കുണ്ട്. നിലപാടുകളിലെ ദൃഢതയ്ക്ക് മറ്റുള്ളവരോടുള്ള അവഹേളനം ആവശ്യമില്ല; വിയോജിപ്പുകൾ അപമാനിക്കലായി മാറരുത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News