സാമ്പത്തിക പ്രതിസന്ധിയും ജൂതവിരുദ്ധ അതിക്രമങ്ങളും മൂലം ജർമ്മനിയിലെ ബെർലിൻ നഗരത്തിൽ ഏറെ ജനപ്രീതിയാർജിച്ച ജൂത ബേക്കറി പൂട്ടി. പോളിഷ്-ഇസ്രായേലി ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള ‘ബാബ്ക ആൻഡ് ക്രാന്റ്സ്’ എന്ന ബേക്കറിയാണ് കടുത്ത മാനസിക-സാമ്പത്തിക സമ്മർദങ്ങളെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ബെർലിനിലും ജൂതവിരുദ്ധ വിദ്വേഷം പടരുകയായിരുന്നുവെന്ന് ബേക്കറി ഉടമകളായ ഷഹർ എൽക്കിനും മാർസിൻ ലിയേര-എൽക്കിനും സംയുക്തപ്രസ്താവനയിൽ പറഞ്ഞു. അന്നുതൊട്ട് തങ്ങളുടെ ജീവനക്കാരും തങ്ങളും നിരന്തരമായ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും ഇരകളായിക്കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
ബേക്കറിക്കു നേരെയുള്ള അതിക്രമങ്ങൾക്കു പുറമെ, തങ്ങളുടെ സ്വകാര്യജീവിതത്തിലും കടുത്ത ഭീഷണികൾ നേരിടേണ്ടിവന്നതായി ഉടമകൾ വെളിപ്പെടുത്തി. “ഞങ്ങളുടേത് വെറുമൊരു ബേക്കറി മാത്രമാണ്. നല്ല ഉൽപന്നങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിച്ചവർ. എന്നാൽ ഇപ്പോൾ ഞങ്ങളെ നിരാശരാക്കുന്ന രാഷ്ട്രീയവും പ്രശ്നങ്ങളും മാത്രമാണ് ചുറ്റും. ബെർലിൻ ഇനി ഞങ്ങൾക്ക് സുരക്ഷിതമായ സ്ഥലമാണോ എന്നറിയില്ല” – ബേക്കറി ഉടമകൾ പറയുന്നു.
ദമ്പതികളുടെ കാർ അക്രമികൾ തല്ലിത്തകർക്കുകയും ഫോൺ വഴിയും കത്തുകൾ വഴിയും നിരന്തരം വിദ്വേഷസന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നു. കൂടാതെ ശാരീരിക അധിക്ഷേപങ്ങളും ഇവർക്ക് നേരിടേണ്ടിവന്നു. ഭയം മൂലം തങ്ങളുടെ മകളെ കുറച്ചുകാലത്തേക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നതായും ഇവർ പറയുന്നു. ഒക്ടോബർ ഏഴിലെ സംഭവങ്ങൾക്കു ശേഷം ലോകമെമ്പാടും ജൂത ഉടമസ്ഥതയിലുള്ള ജനപ്രിയ ഭക്ഷണശാലകൾ പൂട്ടാൻ നിർബന്ധിതമാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

