ലില്ലി കണ്ണിംഗ്ഹാം എന്ന 110-കാരി, നിലനിൽക്കുന്ന തന്റെ വിശ്വാസത്തെപ്രതി വാർധക്യത്തിലും ദൈവത്തിനു നന്ദിപറയുകയാണ്. 1914-ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു സെപ്റ്റംബർ 26-നാണ് ലില്ലി കണ്ണിംഗ്ഹാം ഈ ലോകത്തിലേക്ക് ജനിച്ചുവീണത്. തുടർന്ന് നിരവധി യുദ്ധങ്ങളും പകർച്ചവ്യാധികളും ഉയർച്ചതാഴ്ചകളും തലമുറകൾ സമ്മാനിച്ച സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങളും അതിജീവിച്ചു മുന്നേറുന്ന ഈ 110-കാരിയെ കൂടുതൽ അറിയാം.
“മറ്റുള്ളവർ എന്തുപറഞ്ഞാലും ദൈവം നമ്മെ മുന്നോട്ടു കൊണ്ടുപോകുമെന്ന് എല്ലായ്‌പ്പോഴും എനിക്ക് വിശ്വാസമുണ്ട്” എന്ന് പങ്കുവയ്ക്കുന്ന ലില്ലി, ഈ അടുത്തനാൾ വരെയും പലചരക്ക് സാധനങ്ങൾ വാങ്ങാൻ തനിയെ വാഹനമോടിച്ചാണ് കടയിൽ പോയിരുന്നത്. ഇപ്പോൾ ദൈവാലയത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുന്നു.
നിശ്ചയദാർഢ്യത്തിന്റെ കരുത്തുറ്റ ഒരു ഹൃദയം സ്വന്തമായുള്ള ലില്ലി, എട്ടുവർഷം മുൻപ് ഇടുപ്പ് ശസ്ത്രക്രിയയ്ക്കു വിധേയ ആയെങ്കിലും ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ അതിനെ അതിജീവിച്ച് സ്വയം നടക്കാൻ തുടങ്ങി.
ദൈവം വഴിനടത്തിയ 110 വർഷങ്ങളെ അനുസ്മരിച്ച് 110 മെഴുകുതിരികൾ ഊതിക്കെടുതി തന്റെ ജന്മദിനം കൊണ്ടാടിയപ്പോൾ, ഇത്രയുംകാലം ജീവിക്കാൻ അനുവദിച്ച ദൈവത്തിന് ലില്ലി കണ്ണിംഗ്ഹാം ഹൃദയപൂർവം നന്ദിപറഞ്ഞു. തന്റെ നാലു സഹോദരങ്ങളും ജീവിതപങ്കാളിയും വേർപിരിഞ്ഞുപോയെങ്കിലും മക്കളോടും മരുമക്കളോടുമൊപ്പം ലില്ലി സന്തോഷവതിയാണ്.
വാർധക്യത്തിന്റെ നിറവിലും എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിശുദ്ധ ബൈബിൾ വായിക്കാനും ജീവിതത്തിലെ ദുഷ്കരമായ അനുഭവങ്ങളെ അതിജീവിക്കാൻ സഹായിച്ച ദൈവത്തിനു നന്ദിപറയാനും ലില്ലി കണ്ണിംഗ്ഹാം സമയം കണ്ടെത്തുന്നു.
ദൈവം വഴി നടത്തിയ എല്ലാ അനുഭവങ്ങളും വിശ്വാസത്തിൽ വളരാൻ നിമിത്തമായി എന്ന് ലില്ലി അനുസ്മരിക്കുന്നു. കൃഷിയിടത്തിൽ ജോലിചെയ്തു വളർന്ന ബാല്യത്തെക്കുറിച്ചും ആ അധ്വാനങ്ങൾക്കിടയിലും പള്ളിയിൽ പോകാനും വേദപാഠം പഠിക്കാനും പുലർത്തിയിരുന്ന വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ച് ലില്ലി ഇന്ന് നന്ദിയോടെ സ്മരിക്കുന്നു.
സി. നിമിഷ റോസ് CSN