”സ്കോളർഷിപ്പ് എന്റെ സഹോദരിക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. അതിനാൽ വലിയ പ്രതീക്ഷയോടെ വീടു വിട്ട സഹോദരി കണ്ണീരോടെയാണ് മടങ്ങിയെത്തിയത്. അവരുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കിയിരിക്കുന്നു”- ഉപരിപഠനത്തിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിൽ നിന്നും ദുബായിലേക്കു പോകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ സഹോദരന്റെ വാക്കുകളാണിത്. 1996 മുതൽ 2001 വരെ അധികാരത്തിലിരുന്ന സമയത്തെക്കാൾ നയപരമായ ഭരണം കാഴ്ചവയ്ക്കുമെന്നായിരുന്നു രണ്ടു വർഷം മുൻപ് താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ ആദ്യം വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് വെറും വാഗ്ദാനമായി മാത്രം തുടരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ കീഴിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇനി നീതി ലഭിക്കില്ല എന്ന ഉറപ്പു കൂടി വന്നിരിക്കുകയാണ്. ഇത് സ്ഥിരീകരിക്കുന്ന ഒരു സംഭവം അടുത്തിടെ ബി.ബി.സി റിപ്പോർട്ടു ചെയ്തിരുന്നു.
സംഭവം ഇങ്ങനെ, സർവകലാശാലകളിൽ അഫ്ഗാൻ പെൺകുട്ടികൾക്ക് താലിബാൻ ഭരണകൂടം പ്രവേശനം നിഷേധിച്ചിട്ടുണ്ട്. എന്നാൽ താലിബാൻ സർക്കാരിൻറെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന്, യു.എ.ഇയിലെ യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ നിന്ന് അഫ്ഗാനിലെ സ്ത്രീകൾക്കുവേണ്ടി 2022 ഡിസംബറിൽ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തി. ശതകോടീശ്വരനും വ്യവസായിയുമായ ഷെയ്ഖ് ഖലാഫ് അഹമ്മദ് അൽ ഹബ്തൂർ ഏർപ്പെടുത്തിയതായിരുന്നു ഈ സ്കോളർഷിപ്പ്.
ഇത്തരത്തിൽ അഫ്ഗാനിലെ 100-ൽ പരം വിദ്യാർഥിനികൾക്ക് യൂണിവേഴ്സിറ്റി ഓഫ് ദുബായ് നൽകിയ സ്കോളർപ്പ് ലഭിക്കുകയും വിദേശത്തുണ്ടായിരുന്ന കുറച്ച് അഫ്ഗാൻ വിദ്യാർഥിനികൾ ദുബായിലേക്ക് പഠനത്തിനായി തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്തിനകത്തു നിന്നും എത്തിയ പെൺകുട്ടികളെ വിമാനത്താവളത്തിൽ താലിബാൻകാർ തടയുകയും ആൺകുട്ടികൾക്കു മാത്രം യാത്രാനുമതി നൽകുകയും ചെയ്തു. സ്റ്റുഡന്റ് വിസയിൽ വിദേശത്തേക്കു പോകാൻ പെൺകുട്ടികൾക്ക് അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാർഥിനികളെ തടഞ്ഞത്. ”ഇവിടെയുള്ള യൂണിവേഴ്സിറ്റികൾ അടച്ചതോടെ ദുബായിൽ നിന്നു ലഭിച്ച സ്കോളർഷിപ്പ് എന്റെ സഹോദരിക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. വലിയ പ്രതീക്ഷയോടെ വീടു വിട്ട സഹോദരി കണ്ണീരോടെയാണ് മടങ്ങിയെത്തിയത്. അവരുടെ എല്ലാ അവകാശങ്ങളും ഇല്ലാതായിരിക്കുന്നു” സഹോദരിയെ അനുഗമിച്ച ഷാംസ് അഹമ്മദ് എന്നയാൾ പറഞ്ഞു. പണം കടം മേടിച്ചിട്ടാണ് ഒട്ടേറെ വിദ്യാർഥിനികൾ തങ്ങളോടൊപ്പം വരുന്ന പുരുഷന്മാർക്ക് വിസ എടുത്തത്. എന്നാൽ അവരുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഷാംസ് കൂട്ടിച്ചേർത്തു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ പലരും ആരും സഹായിക്കാൻ ഇല്ലാത്തവരും പാവപ്പെട്ടവരുമാണ്.
രേഖകളുടെ പരിശോധനയ്ക്കായി വിദേശകാര്യമന്ത്രാലയത്തിന് അടയ്ക്കേണ്ട തുക പോലും നൽകാൻ അവരിൽ പലർക്കും കഴിയുമായിരുന്നില്ല. വിദ്യാർഥികളുടെ യാത്ര താലിബാൻ തടഞ്ഞെന്ന കാര്യം യൂണിവേഴ്സിറ്റി ഓഫ് ദുബായും അൽ ഹബ്തൂറും സ്ഥിരീകരിച്ചു. ഇസ്ലാംമതത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് സാമൂഹികമാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിൽ അൽ ഹബ്തൂർ വ്യക്തമാക്കി. താലിബാൻ ഉദ്യോഗസ്ഥരെ അദ്ദേഹം നിശിതമായി വിമർശിച്ചു. അതേസമയം, ഇക്കാര്യത്തിൽ താലിബാന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ഇത്തരം ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വൈസ് ആൻഡ് വിർച്യു മന്ത്രാലയ വക്താവ് പറയുന്നു.
രഞ്ചിന് ജെ. തരകന്