കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരവും വളരെ മോശവുമായ നിലയിലേക്ക് താഴ്ന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്ച നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്. ഒ.) ശുപാർശ ചെയ്ത സുരക്ഷിതപരിധിയുടെ 25-30 മടങ്ങ് മലിനീകരണതോത് കവിഞ്ഞു. എന്നാൽ വരുംദിവസങ്ങളിൽ ഇത് കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് അധികൃതർ.
കാലാവസ്ഥ, ദീപാവലി ആഘോഷവേളയിലെ പടക്കം പൊട്ടിക്കൽ, അയൽസംസ്ഥാനങ്ങളിൽ വിളകൾ കത്തിക്കുന്നത് എന്നിവമൂലം വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ വർഷവും ഒക്ടോബറിനും ജനുവരിക്കുമിടയിൽ ഡൽഹിയിലും നിരവധി ഉത്തരേന്ത്യൻ നഗരങ്ങളിലും കടുത്ത വായുമലിനീകരണം റിപ്പോർട്ട് ചെയ്യുന്നു. ഇത് ബിസിനസുകൾക്ക് തടസ്സമുണ്ടാക്കുകയും സ്കൂളുകളും ഓഫീസുകളും അടച്ചിടേണ്ട അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.
ശ്വാസകോശത്തിലേക്ക് ആഴത്തിൽ പ്രവേശിച്ച് നിരവധി രോഗങ്ങൾക്കു കാരണമാകുന്ന ചെറിയ കണങ്ങളുടെ അളവ് (പി. എം. 2.5 എന്നറിയപ്പെടുന്നു) തിങ്കളാഴ്ച ചില പ്രദേശങ്ങളിൽ ഒരു ക്യുബിക് മീറ്ററിന് 350 മൈക്രോഗ്രാം വരെ ഉയർന്നതായി സർക്കാർ നടത്തുന്ന സഫർ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. പി. എം. 2.5 ന്റെ അളവ് 300 മുതൽ 400 വരെ എത്തുമ്പോൾ വായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നും 400-500 ൽ എത്തുമ്പോൾ അത് ഗുരുതരമാണെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കങ്ങളിൽനിന്നുള്ള പുക ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു. എല്ലാ വർഷത്തെയുംപോലെ, ഈ ആഴ്ച അവസാനം വരുന്ന ഉത്സവത്തിനു മുന്നോടിയായി വെടിക്കെട്ട് നിർമാണം, സംഭരണം, വില്പന എന്നിവയ്ക്ക് ഡൽഹി സർക്കാർ സമ്പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു. മലിനീകരണം കൈകാര്യം ചെയ്യുന്നതിനായി ഡൽഹി സർക്കാർ ഗ്രാപ്പ് (GRAP) എന്നറിയപ്പെടുന്ന ഗ്രേഡെഡ് റെസ്പോൺസ് ആക്ഷൻ പ്ലാനും നടപ്പാക്കിയിട്ടുണ്ട്.
കൽക്കരി, വിറക് എന്നിവയുടെ ഉപയോഗവും അടിയന്തരമല്ലാത്ത സേവനങ്ങൾക്കായുള്ള ഡീസൽ ജനറേറ്റർ ഉപയോഗവും ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും ഇത് നിരോധിക്കുന്നു. ഡൽഹിയിലെ അധികൃതർ താമസക്കാർക്ക് കഴിയുന്നത്ര വീടിനുള്ളിൽത്തന്നെ തുടരാൻ മുന്നറിയിപ്പ് നൽകുകയും നഗരത്തിലെ നിർമാണപ്രവർത്തനങ്ങൾ തടയുകയും ചെയ്തു. കൂടാതെ, പൊതുഗതാഗതം ഉപയോഗിക്കണമെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു.