Sunday, November 24, 2024

നവാല്‍നിയുടെ പോരാട്ടം ഏറ്റെടുത്ത് ഭാര്യ

തന്റെ ഭര്‍ത്താവിനെ റഷ്യന്‍ പ്രസിഡന്റ് വ്ലാടിമിര്‍ പുടിന്‍ കൊന്നതാണെന്നും റഷ്യന്‍ ഭരണനേതൃത്വത്തിനെതിരായ പോരാട്ടം തുടരുമെന്നും റഷ്യന്‍ പ്രതിപക്ഷ നേതാവായിരുന്ന അലക്‌സെയ് നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നി. ബ്രസല്‍സില്‍ തിങ്കളാഴ്ച യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരെ സന്ദര്‍ശിച്ച യൂലിയ, നവാല്‍നിയുടെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.

നവാല്‍നിയുടെ മരണത്തില്‍ റഷ്യന്‍ സര്‍ക്കാരിനുനേരെ വിരല്‍ചൂണ്ടുകയാണ് ലോകനേതാക്കള്‍. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുകയാണ്. റഷ്യയില്‍ നവാല്‍നിയുടെ മരണത്തില്‍ അനുശോചിച്ച നാനൂറോളം പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.

നവാല്‍നിയെ കൊന്നതാണെന്നതിന്റെ തെളിവുകള്‍ ഇല്ലാതാക്കാനാണ് മൃതദേഹം വിട്ടുകൊടുക്കുന്നത് വൈകിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മുമ്പ് ജര്‍മനിയില്‍വച്ച് അദ്ദേഹത്തെ വിഷംനല്‍കി കൊല്ലാന്‍ ശ്രമം നടന്നിരുന്നു.

മരണകാരണം അന്വേഷിക്കുകയാണെന്നും അത് പൂര്‍ത്തിയാകാതെ മൃതദേഹം വിട്ടുനല്‍കാനാകില്ലെന്നുമാണ് അധികൃതരുടെ വാദം. വെള്ളിയാഴ്ചയാണ് പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നി ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മൃതദേഹം ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല.

 

Latest News