ബാലിസ്റ്റിക് മിസൈലുകൾ തടയാനുള്ള താഡ് (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) വ്യോമ പ്രതിരോധസംവിധാനം അമേരിക്ക ഇസ്രായേലിലേക്ക് അയയ്ക്കാൻ ഒരുങ്ങുന്നു. എൻ 12 എന്ന ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അത്തരമൊരു തീരുമാനം താഡ് സംവിധാനം പ്രവർത്തിപ്പിക്കാൻ അമേരിക്കൻ സൈനികരെ ഇസ്രായേലിൽ വിന്യസിക്കാൻ യു. എസിനെ പ്രേരിപ്പിക്കുമെന്ന്, ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ മണ്ണിൽ താഡ് യു. എസ്. വ്യോമ പ്രതിരോധസംവിധാനം പ്രവർത്തിപ്പിക്കാനുള്ള തീരുമാനം ഇറാനെതിരെ പ്രതീക്ഷിക്കുന്ന പ്രതികാരത്തിനുള്ള തയ്യാറെടുപ്പായിരിക്കുമെന്ന് എൻ 12 റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടർന്ന്, യു. എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലിലേക്ക് താഡ് സംവിധാനം വിന്യസിക്കാൻ നിർദേശിച്ചതായി ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് അറിയിച്ചു (FDD). യു. എസ്. സേനയുടെ സംരക്ഷണം വർധിപ്പിക്കുന്നതിന് മിഡിൽ ഈസ്റ്റിലുടനീളം അധിക പാട്രിയറ്റ് ബറ്റാലിയനുകളെ വിന്യസിക്കണമെന്നും ഓസ്റ്റിൻ അക്കാലത്ത് ആവശ്യപ്പെട്ടിരുന്നു.
ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് എന്നറിയപ്പെടുന്ന സംവിധാനം ബാലിസ്റ്റിക് മിസൈലുകളെ അവയുടെ അവസാന ഫ്ലൈറ്റ് ഘട്ടത്തിൽ തടസ്സപ്പെടുത്താനും നശിപ്പിക്കാനും നിർമ്മിച്ചിട്ടുള്ള ഒരു മിസൈൽ പ്രതിരോധസംവിധാനമാണ്. ശക്തമായ റഡാർ ഉപയോഗിച്ച് മിസൈലുകൾ വിക്ഷേപിക്കുന്നതിനുമുമ്പ് അവയെ ട്രാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുകയാണ് ഈ സംവിധനം ചെയ്യുന്നത്.
ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനുശേഷം 2023 ഒക്ടോബറിൽ ഇത് ഈ മേഖലയിൽ വിന്യസിക്കപ്പെട്ടു. സൗദി അറേബ്യയിലെ എണ്ണനിലയങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് 2019-ൽ താഡ് സംവിധാനം സൗദിയിലേക്കും യു. എസ്. അയച്ചിരുന്നു. പിന്തുണയുടെ ഏറ്റവും പുതിയ പ്രകടനമാണ് ഇതെന്നും അതിൽ ഏകദേശം 3,000 യു. എസ്. ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്നും മുൻപ്രതിരോധ സെക്രട്ടറി ഡോ. മാർക്ക് ടി. എസ്പർ പ്രസ്താവനയിൽ പറഞ്ഞു. അക്കാലത്ത് നടന്നുകൊണ്ടിരുന്ന ഇറാനിയൻ പ്രകോപനങ്ങളാണ് ഈ മേഖലയിലെ കൂടുതൽ വലിയ പിന്തുണാശ്രമത്തിനു കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.