ആന്റിബയോട്ടിക്, ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ അതിനുള്ള കാര്യകാരണങ്ങള്‍കൂടി വ്യക്തമാക്കണം എന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ക്ക് നല്‍കി കേന്ദ്രആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകള്‍ ശുപാര്‍ശ ചെയ്യുന്നത് എന്ത് ലക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന വസ്തുതകൂടി പരാമര്‍ശിക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസാണ് നിര്‍ദേശം നല്‍കിയത്.
ഫാര്‍മസിസ്റ്റുകള്‍ അംഗീകാരമുള്ള ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഗുരുതരപ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ അറിയിച്ചത്.