Saturday, November 23, 2024

കേരള സര്‍ക്കാരിന്റെ മദ്യനയത്തില്‍ തിരുത്തല്‍ അനിവാര്യം: ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്

ലഹരിവിമുക്ത ആഗോളസമൂഹം എന്ന ലക്ഷ്യപ്രാപ്തിക്കായി കൂട്ടായ മുന്നേറ്റങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ലോകജനതയെ ഉദ്‌ബോധിപ്പിക്കുന്നതിനുമായി 1987-ലെ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26, ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനമുണ്ടാകുന്നത്. ലഹരി അടിമത്തം ലോകജനതയെ കാര്‍ന്നുതിന്നുന്ന കാന്‍സറായി പടര്‍ന്നുകൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞ ഭരണകൂടങ്ങളെല്ലാം മദ്യ-ലഹരി ഉപയോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സഗൗരവം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ നാല്‍പ്പത്തിയേഴാം ആര്‍ട്ടിക്കിള്‍ അനുസരിച്ച്, മദ്യം ഉള്‍പ്പെടെയുള്ള, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങള്‍ നിയന്ത്രിക്കാനും അവയുടെ ഉപഭോഗം കുറച്ചുകൊണ്ടുവരാനുമുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അതേസമയം, കേരള സര്‍ക്കാരിന്റെ മദ്യനയവും ലഹരിവിമുക്ത പദ്ധതികള്‍ സംബന്ധിച്ച സമീപനങ്ങളും ഓരോവര്‍ഷം കഴിയുന്തോറും കൂടുതല്‍ അനാരോഗ്യകരമായി മാറിക്കൊണ്ടിരിക്കുകയാണ്.

കേരള സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച വിവാദങ്ങള്‍ തുടര്‍ക്കഥയാണ്. പുതിയ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സര്‍ക്കാരും ബാറുടമകളും തമ്മിലുള്ള അന്തര്‍ധാരകള്‍ സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈ ദിവസങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നു. ഗുരുതരമായ അഴിമതി ആരോപണമാണ് എക്‌സൈസ് വകുപ്പ് മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എല്‍. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയ 2016 മുതല്‍, ഇതുവരെ മദ്യവിപണനവുമായി ബന്ധപ്പെട്ടു സ്വീകരിച്ചിട്ടുള്ള നിലപാടുകളും മദ്യനയവും അനുബന്ധചര്‍ച്ചകളും കേരളത്തിലെ സാധാരണജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും കടുത്ത ആശങ്കയാണ് സമ്മാനിച്ചിട്ടുള്ളത്.

ഏതുവിധേനയും മദ്യവില്പന ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടത്തുന്ന പരിശ്രമം വലിയ സാമൂഹികപ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വതന്ത്ര വരുമാനസ്രോതസ് എന്നനിലയില്‍ മദ്യവരുമാനം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കണക്കുകള്‍പ്രകാരം കേരളത്തിന് നേരിട്ടുലഭിക്കുന്ന നികുതിവരുമാനത്തില്‍ മുപ്പതു ശതമാനമോ, അതിലേറെയോ മദ്യത്തില്‍നിന്നാണ്.

മുന്‍വര്‍ഷങ്ങളിലെ മദ്യനയത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന പുതിയ വരുമാനസാധ്യതകളും വിപണന ആശയങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും കൂടുതല്‍ ദോഷകരമായ പുതിയ നിലപാടുമാറ്റങ്ങള്‍ ഈ വര്‍ഷം പ്രഖ്യാപിക്കാനിരിക്കുന്ന മദ്യനയത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടേക്കാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഴിമതി ആരോപണങ്ങളും ചില വെളിപ്പെടുത്തലുകളും അത് ശരിവയ്ക്കുന്നു. മദ്യത്തെയും അനുബന്ധസംവിധാനങ്ങളെയും പരിധിവിട്ട് ഉദാരവല്‍ക്കരിക്കുന്ന ശൈലി എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ മുന്‍ നയപ്രഖ്യാപനങ്ങള്‍ക്കും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കും വിരുദ്ധമാണ്.

ധനസമ്പാദനം മാത്രം ലക്ഷ്യം വച്ചു സ്വീകരിക്കപ്പെടുന്ന ഇത്തരം നിലപാടുകളും നയങ്ങളും സംസ്ഥാനത്തെ കൂടുതല്‍ തകര്‍ച്ചയിലേക്കു നയിക്കുമെന്നുളളതിന് സംശയമില്ല. മദ്യവര്‍ജനത്തിനുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും കൂടുതല്‍ ഫണ്ട് അതിനായി വകയിരുത്തുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും, മദ്യത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ മദ്യനയത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യനയത്തിലെ ഈ ഇരട്ടത്താപ്പ് അപഹാസ്യമാണ്.

വരുമാനത്തിനായി മദ്യത്തെ ആശ്രയിക്കുന്ന സര്‍ക്കാര്‍

കണക്കുകള്‍പ്രകാരം കോവിഡിന് മുമ്പത്തെ സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് മദ്യത്തില്‍നിന്നു ലഭിച്ച നികുതിവരുമാനം 14,505 കോടി രൂപയാണ്. ആ വരുമാനം കേരളത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ മദ്യവില്പന ഗണ്യമായി കുറഞ്ഞതിനെ അതിജീവിക്കാന്‍ 2022-ല്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ സാമ്പത്തികലക്ഷ്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. തദ്ഫലമായി ആ വര്‍ഷം മദ്യവില്പന 224.43 ലക്ഷം കെയ്സ് ആയി ഉയര്‍ന്നു.

2016-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ കേരളത്തില്‍ 29 ബാറുകളും 813 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ബാറുകള്‍ 900-ത്തില്‍ അധികമുണ്ട്. മദ്യത്തില്‍നിന്നുള്ള നികുതിയും, ലൈസന്‍സ് ഫീസുകളും ഇക്കാലയളവില്‍ കുത്തനെ ഉയര്‍ന്നു. വ്യാപകമായി ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും വീണ്ടും മദ്യത്തില്‍നിന്നുള്ള വരുമാനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നു വ്യക്തം.

കഴിഞ്ഞ വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി ടെക്നോ പാര്‍ക്കുകളില്‍ മദ്യശാലകള്‍, ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്പന്നങ്ങളില്‍നിന്നുള്ള മദ്യ ഉല്പാദനം തുടങ്ങിയ അനാരോഗ്യകരമായ ചില പദ്ധതികളും മുന്നോട്ടുവച്ചിരുന്നു. പൂര്‍ണ്ണമായ അര്‍ഥത്തില്‍ അവ നടപ്പില്‍വന്നിട്ടില്ലെങ്കില്‍പ്പോലും ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകുന്ന പക്ഷം, ഇനിയുള്ള കാലത്ത് അത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം ഉണ്ടാകുമെന്നു നിശ്ചയം.

ടൂറിസ്റ്റ് സീസണില്‍ റെസ്റ്റോറന്റുകളില്‍ ബിയര്‍, വൈന്‍ തുടങ്ങിയവ വില്‍ക്കാന്‍ അനുമതി, വീര്യം കുറഞ്ഞ മദ്യ ഇനങ്ങള്‍ക്ക് വില്പപ്പനാനുമതി തുടങ്ങിയവയും മുന്‍ മദ്യനയത്തിന്റെ ഭാഗമായുണ്ട്. ഇത്തവണത്തെ പുതുക്കിയ മദ്യനയത്തില്‍ ഒന്നാം തീയതി ഡ്രൈഡേ എന്ന രീതി പിന്‍വലിക്കപ്പെട്ടേക്കുമെന്ന സൂചന മന്ത്രിതന്നെ നല്‍കിക്കഴിഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ഉദാരവല്‍ക്കരണമാണ് മദ്യനയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം മുന്‍കാലങ്ങളിലേതില്‍നിന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന വാദമാണ് ആരോപണങ്ങള്‍ക്കു മറുപടിയായി മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ ഉയര്‍ത്തിക്കാണാറുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവിതശൈലികളില്‍ വന്ന മാറ്റവും മയക്കുമരുന്നുവ്യാപനവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റവും മറ്റും മദ്യത്തിന്റെ ആകെ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള സാധ്യതകളുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മദ്യ ഉപയോഗം കുറയുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനുള്ള കൊണ്ടുപിടിച്ച നീക്കങ്ങളാണ് സര്‍ക്കാര്‍തലത്തില്‍ നടന്നുന്നതെന്നു ശ്ചയം. അത് ശരിയായ നടപടിയല്ല.

മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറച്ച വാഗ്ദാനം നല്‍കിയ പാര്‍ട്ടി, അധികാരത്തില്‍വന്നപ്പോള്‍ മദ്യവരുമാനം കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന നിലപാടില്‍ പരോക്ഷമായി ഉറച്ചുനില്‍ക്കുന്നതിലെ വൈരുധ്യം വളരെ വലുതാണ്. സ്വാഭാവികമായ വില്പനയിലൂടെ ലഭിക്കുന്ന നികുതിവരുമാനം ഉപയോഗിക്കുന്നതിനപ്പുറം, വില്പനയും വരുമാനവും വര്‍ധിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ ഉപയോഗിക്കുകയും ടാക്സിന്റെപേരില്‍ കൊള്ളലാഭം കൊയ്യുകയും ചെയ്യുന്ന പ്രവണത തികച്ചും അധാര്‍മ്മികമാണെന്ന് പറയാതെ വയ്യ! ലോകത്ത് മറ്റൊരു സര്‍ക്കാരും ഇത്തരത്തില്‍ മദ്യവില്പനയെ നിലനില്പിനുള്ള മാര്‍ഗമായി കാണുന്നുണ്ടാവില്ല എന്ന് തീര്‍ച്ച.

ഗൗരവമായ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങള്‍

മറ്റു ചില ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ അനുപാതം കേരളത്തില്‍ താരതമ്യേന കുറവാണ്. വിറ്റഴിയുന്ന മദ്യത്തിന്റെ ആളോഹരി ഉപഭോഗം ഉയര്‍ന്നതുമാണ്. മദ്യപാനശീലമുള്ളവരുടെ അനുപാതത്തില്‍ ഇരുപത്തൊന്നാം സ്ഥാനം മാത്രമുള്ള കേരളം ആകെ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്. ദിവസവേതന തൊഴിലാളികളും പാവപ്പെട്ടവരുമാണ് കേരളത്തില്‍ കൂടുതലായും സ്ഥിരമായും മദ്യപിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും എന്നുള്ളതാണ് വാസ്തവം.

കേരളത്തിലെ ചെറിയൊരു ശതമാനം വരുന്ന, നിത്യവൃത്തിക്കായി കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുന്ന ഒരു വിഭാഗമാണ് ഇവിടെ വിറ്റഴിയുന്ന മദ്യത്തില്‍ ഏറിയപങ്കും കുടിച്ചുതീര്‍ക്കുന്നത് എന്ന യാഥാര്‍ഥ്യത്തെ നാം കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ട്. അമിത മദ്യപാനത്തിന്റെ ഇരകളാണ് ഏറെയും. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തികതകര്‍ച്ചയും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും സാമൂഹികപ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ കേരളത്തിലാണ് എന്നുള്ളതില്‍ തര്‍ക്കമില്ല. കുറ്റകൃത്യങ്ങളുടെ വര്‍ധനയ്ക്കും മദ്യത്തിനുള്ള പങ്ക് വളരെ വലുതാണ്. എറിയപങ്ക് ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മദ്യത്തിന് പ്രധാനസ്ഥാനമുണ്ട്.

മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയും അതിനായി ഫണ്ട് മാറ്റിവയ്ക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോഴും യുവതലമുറ കൂട്ടത്തോടെ ലഹരിക്ക് അടിമകളായി മാറുന്നു എന്നുള്ളതാണ് വാസ്തവം. വിവിധ റിപ്പോര്‍ട്ടുകള്‍പ്രകാരം, മദ്യത്തിനപ്പുറം മയക്കുമരുന്നുകളുടെ അടിമകളായി മാറിക്കഴിഞ്ഞിരിക്കുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ യുവതലമുറയുടെ കണക്കുകള്‍ ഭീതിപ്പെടുത്തുന്നതാണ്. സര്‍ക്കാരിന്റെ ലഹരിവിമുക്ത പദ്ധതികള്‍ ഇത്തരമൊരു സാഹചര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെയും ആത്മാര്‍ഥതയോടെയും നടപ്പിലാക്കപ്പെടേണ്ടതുണ്ട്.

ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍, രചനകള്‍, കലാരൂപങ്ങള്‍ തുടങ്ങിയവയോട് കേരളസര്‍ക്കാര്‍ പുലര്‍ത്തി വരുന്ന മൃദുസമീപനം അപകടകരമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ ദുഃസ്വാധീനം ചെലുത്തുന്ന നിരവധി ചലച്ചിത്രങ്ങള്‍ കഴിഞ്ഞ ചില മാസങ്ങള്‍ക്കിടയില്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്. മദ്യ-ലഹരി ഉപയോഗം അഭിമാനകരമാണെന്ന ചിന്ത ഇളം തലമുറകളില്‍പോലും സൃഷ്ടിക്കുന്ന ഇത്തരം സിനിമകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ മദ്യവര്‍ജനത്തിനായി നിലകൊള്ളുന്നു എന്ന വാദം ഉന്നയിക്കുന്നത് അപഹാസ്യമാണ്. ഈ കാലഘട്ടത്തില്‍ ചലച്ചിത്രമേഖലയില്‍ ഉടലെടുത്തിരിക്കുന്ന ദോഷകരമായ പ്രവണതയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പൗരന്മാരുടെ ദൗര്‍ബല്യങ്ങളെ മുതലെടുത്ത് മദ്യവില്പന നടത്തി അധാര്‍മ്മികമായ കൊള്ളലാഭം നികുതിയുടെ രൂപത്തില്‍ നേടിയെടുക്കുന്ന പ്രവണതയുടെ പ്രത്യാഘാതം വിവരണാതീതമാണ്. ഒരുപക്ഷേ, മദ്യവില്പനയില്‍ നിന്നുണ്ടാക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലായിരിക്കാം അനുബന്ധ രോഗചികിത്സയ്ക്കായി ചെലവഴിക്കപ്പെടുന്ന തുക. മദ്യ-ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യതകര്‍ച്ചകളെയും ജീവനാശത്തെയും അക്രമസംഭവങ്ങളെയും നഷ്ടക്കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ ചിത്രം അതിഭീകരമാകും.

താല്‍ക്കാലിക സാമ്പത്തികനേട്ടം മുന്‍നിര്‍ത്തി അനേകായിരം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ചോദ്യംചെയ്യുന്ന അനാരോഗ്യകരമായ നയരൂപീകരണങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഒരുവശത്ത് മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് സംസ്ഥാനത്ത് മദ്യപ്പുഴയൊഴുക്കി എളുപ്പത്തില്‍ വരുമാനം കൊയ്യാനുള്ള അതീവദോഷകരമായ നീക്കത്തിനു തടയിട്ടേ മതിയാവൂ.

ഒരുവശത്ത്, മദ്യത്തെ മുഖ്യ വരുമാനമാര്‍ഗമായിക്കണ്ട് കൂടുതല്‍ വിപണന-വരുമാനസാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിന്, യുവജനങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അനേകലക്ഷങ്ങളെ രോഗികളാക്കിക്കൊണ്ടിരിക്കുന്ന ലഹരി അടിമത്തത്തിനും എതിരായ പ്രവര്‍ത്തനപദ്ധതികള്‍ ആത്മാര്‍ഥതയോടെ നടപ്പാക്കാന്‍ കഴിയുമെന്നു കരുതാനാവില്ല. ഇത്തരം വൈരുധ്യാത്മകമായ നിലപാടുകള്‍ കയ്യൊഴിഞ്ഞ്, ലഹരിവിമുക്തി ലക്ഷ്യം വച്ചുകൊണ്ടുള്ള ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരും അനുബന്ധ സംവിധാനങ്ങളും തയ്യാറാകണം. കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം ജനങ്ങളുടെ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ളതാവട്ടെ.

 

Latest News