Sunday, November 24, 2024

അശ്ലീല സൈറ്റുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഫേസ്ബുക്കിലും പ്രായം പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

പോണ്‍ സൈറ്റുകളില്‍നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പു വരുത്തുന്നതിനായുള്ള സാങ്കേതികവിദ്യകളുടെ പരീക്ഷണം വിപുലീകരിച്ച് ഓസ്ട്രേലിയ. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ ഉള്‍പ്പടെയുള്ള കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചയിലാണ്. പോണോഗ്രഫി ഉള്‍പ്പടെയുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ 18 വയസിന് താഴെയുള്ളവരിലേക്ക് എത്തുന്നത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകളും മറ്റ് രീതികളും പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേയില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 65 ലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചത്.

16 വയസില്‍ താഴെയുള്ളവരെ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിന്ന് തടയണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായതോടെ കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം എങ്ങനെ തടയാമെന്ന് പരിശോധിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 18 വയസില്‍ താഴെയുള്ളവരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയുടെ കൃത്യത പരിശോധിച്ചുവരികയാണ്. പോണ്‍ സൈറ്റുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളേയും ഇതില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. നിലവില്‍ മെറ്റ ഈ പരീക്ഷണത്തിന്റെ ഭാഗമാവണമെന്ന് നിയമപരമായ നിര്‍ബന്ധങ്ങളില്ല.

എന്നാല്‍, കര്‍ശനമായും സോഷ്യല്‍ മീഡിയാ കമ്പനികളെ പരീക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ നിലവിലെ ഓണ്‍ലൈന്‍ സുരക്ഷാ നിയമപ്രകാരം ഓസ്ട്രേലിയന്‍ ഭരണകൂടത്തിന് കമ്പനികളെ അതിന് നിര്‍ബന്ധിക്കാനാവില്ല. മെറ്റയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ ഈ പരീക്ഷണത്തില്‍ ഭാഗമാകൂ. വിവിധങ്ങളായ സാങ്കേതിക വിദ്യകളാണ് ഓസ്ട്രേലിയ പ്രായം നിശ്ചയിക്കുന്നതിനായി പരീക്ഷിക്കുന്നത്. ഇവയുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധരുടെ സഹായം തേടും. വിപിഎന്‍ നെറ്റ് വര്‍ക്കുകളെ മറികടന്ന് ഈ സാങ്കേതിക വിദ്യ എങ്ങനെ നടപ്പാക്കാമെന്നും പരിശോധിക്കുന്നുണ്ട്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഇതിനായി പരിഗണിച്ചിരുന്നുവെങ്കിലും അത് അത്ര ഫലപ്രദമല്ലെന്നാണ് നിരീക്ഷണം.

 

Latest News