നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ജോ ബൈഡൻ. ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനൽകി.
അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും കഴിഞ്ഞ ദിവസം ബൈഡൻ വ്യക്തമാക്കിയിരുന്നു. ബൈഡൻ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് ജൂൺ അവസാനത്തോടെ നടന്ന പ്രസിഡൻഷ്യൽ ചർച്ചയ്ക്കുശേഷം ഇരുവരും കണ്ടുമുട്ടുന്നത്.
ജനപ്രിയവോട്ട് നേടി കഴിഞ്ഞ 20 വർഷത്തിനിടെ പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004 ൽ ജോർജ് ബുഷിനുശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി പോപ്പുലർ വോട്ട് നേടി പ്രസിഡന്റാകുന്നത്. ഈ വർഷം ഇലക്ടറൽ കോളേജിലും പോപ്പുലർ വോട്ടുകളിലും വിജയം കൈയാളിയതിനുപുറമെ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത് എന്ന പ്രത്യേകതയുമുണ്ട്.