വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഇതോടെ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. 2025-ല്‍ ആഗോള കത്തോലിക്കാ സഭ ജൂബിലി വര്‍ഷമായി ആചരിക്കുന്ന അവസരത്തില്‍ വാഴ്ത്തപ്പെട്ട കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൈക്കിള്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത കോസ്റ്റാറിക്കയില്‍ നിന്നുള്ള വലേറിയ വാല്‍വെര്‍ഡെ എന്ന പെണ്‍കുട്ടിയില്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിനാണ് മാര്‍പാപ്പാ അംഗീകാരം നല്‍കിയത്. അപകട ശേഷം ഏത് നിമിഷവും മരിക്കാമെന്നു വീട്ടുകാരോട് പറഞ്ഞതിനെത്തുടര്‍ന്നു വലേറിയയുടെ അമ്മ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിന്റെ ശവകുടീരത്തിങ്കല്‍ എത്തുകയും മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ‘അമ്മ കാര്‍ലോ അക്കുത്തിസിന്റെ പക്കലെത്തി മാധ്യസ്ഥ്യം യാചിച്ച നിമിഷം മുതല്‍ തന്നെ വലേറിയയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. അവരുടെ തീര്‍ത്ഥാടനത്തിന് 10 ദിവസത്തിന് ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം പൂര്‍ണ്ണമായും അപ്രത്യക്ഷമായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇത് ഒരു വലിയ അത്ഭുതമായി മെഡിക്കല്‍ സംഘം വിലയിരുത്തി. ഏതു സമയവും മരണം സംഭവിക്കും എന്ന് ഡോക്ടര്‍മാര്‍ തറപ്പിച്ചു പറഞ്ഞ വലേറിയ അപകടം നടന്നു രണ്ട് മാസത്തിന് ശേഷം 2022 സെപ്തംബര്‍ 2ന്, പൂര്‍ണ രോഗമുക്തയായി വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ശവകുടീരത്തില്‍ എത്തി. ഇന്നാണ് ഇത് സംബന്ധിച്ച വിശദമായ പഠനഫലത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയത്.