റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്ന വിവാദ ബില്ല് പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്. അഭയാര്‍ഥികളെ നാടുകടത്തുന്ന പ്രക്രിയ ജൂലൈയില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ‘എല്ലാ മാസവും അഭയാര്‍ഥികള്‍ക്ക് വേണ്ടി ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. എന്തൊക്കെ സംഭവിച്ചാലും ഈ വിമാനങ്ങള്‍ പറക്കും. ഇത് അസാധാരണവും നൂതനവുമാണ്’, ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.
2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണാണ് ആദ്യമായി റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ബില്ല് ബ്രിട്ടന്റെ ആഭ്യന്തര അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കാതെ പുതിയ ബില്ല് പാസാക്കിയെങ്കിലും റുവാണ്ടയിലേക്ക് വലിയ തോതില്‍ അഭയാര്‍ഥികളെ അയയ്ക്കില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അധിക സുരക്ഷകളില്ലാതെ ഈ ബില്ല് നടപ്പാക്കുന്നതിന് ബ്രിട്ടന്‍ പാര്‍ലമെന്റ് കുറച്ചുനാളുകളായി വിസമ്മതിച്ചിരുന്നു. എന്നാല്‍ ബില്ല് പാസാക്കുന്നത് വരെ തിങ്കളാഴ്ച രാത്രി വൈകിയും പാര്‍ലമെന്റ് ചേരുമെന്ന് സുനക് വ്യക്തമാക്കിയതോടെ ബില്ലിനെ എതിര്‍ത്തവര്‍ക്ക് വഴങ്ങേണ്ടി വരുകയായിരുന്നു.
റുവാണ്ടയുമായി കരാറിലേര്‍പ്പെട്ട ബില്ല് പ്രകാരം ബ്രിട്ടണില്‍ അനധികൃതമായെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കുന്നതായിരിക്കും. ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയും കള്ളക്കടത്തുകള്‍ തടയുകയുമാണ് റുവാണ്ട ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥി പ്രവാഹം ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെങ്കിലും അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി മനുഷ്യാവകാശത്തിന് എതിരാണെന്ന് വിമര്‍ശകര്‍ പറയുന്നു.