സി-വിജില്‍ (cVIGIL) ആപ്പ് വഴി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് അറിയിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.
സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. കാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു.
പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാന്‍ കഴിയൂ.