Sunday, November 24, 2024

കാന്‍സറും വീറ്റ് ഗ്രാസ് ജ്യൂസും

‘വീറ്റ് ഗ്രാസ് ജ്യൂസ്, വീറ്റ് ഗ്രാസ് പൗഡര്‍ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്നത് അത് ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമാണ്. അവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുന്നു. ഇതു കഴിക്കുന്നതുകൊണ്ട് കാന്‍സര്‍ വരാതിരിക്കുകയോ, പ്രായം കുറയുകയോ, മുഖകാന്തി വര്‍ധിക്കുകയോ ഇല്ല എന്നത് ഒരു ശാസ്ത്രസത്യമാണ്. തുടര്‍ന്നു വായിക്കുക.

ബൗദ്ധികമായും സാംസ്‌കാരികമായും മുന്നില്‍നില്‍ക്കുന്ന സമൂഹവുമാണ് മലയാളികള്‍ എന്നാണ് പറയാറ്. പക്ഷേ, ഏറ്റവും വേഗത്തില്‍ കബളിക്കപ്പെടുന്ന ഒരു സമൂഹവുമാണ് നമ്മുടേത് എന്നും പറയാതിരിക്കാന്‍ വയ്യ. അതിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താന്‍ സാധിക്കും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരും കബളിപ്പിക്കലുകളില്‍ പെട്ടുപോകാറുണ്ട്. അത്തരത്തില്‍ ആരോഗ്യരംഗവുമായി – കാന്‍സര്‍ ചികിത്സയുമായി – ബന്ധപ്പെട്ട സംഭവം പറയാം.

ബ്രെസ്റ്റ് കാന്‍സര്‍ ട്രീറ്റ്മെന്റ് കഴിഞ്ഞ് അസുഖം ഭേദമായ ഒരാള്‍. ക്രിസ്റ്റി എന്നാണ് പേര്. യഥാര്‍ത്ഥ പേരല്ല. എറണാകുളത്തെ ഏറ്റവും സമ്പന്നരായിട്ടുള്ള ആള്‍ക്കാര്‍ താമസിക്കുന്ന പ്രദേശത്തെ, ഒരു വില്ലയിലാണ് അവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് പ്രശസ്തനായ ഒരു അഭിഭാഷകനാണ്. എന്റെ ഒരു കസിന്റെ ബന്ധുവാണ് അദ്ദേഹം. അങ്ങനെയാണ് ഭാര്യയുടെ ചികിത്സയുമായി അവര്‍ എന്റെ അടുത്ത് എത്തുന്നത്.

സ്തനം നഷ്ടപ്പെടുത്താതെയുള്ള ചികിത്സ കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പിനായി വരും. ഒരു കുഴപ്പവും ഇല്ലാതെ അവര്‍ മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇക്കഴിഞ്ഞ ദിവസവും വന്നു. റെഗുലര്‍ വിസിറ്റിനായി എത്തിയതാണ്. ക്രിസ്റ്റി ആകെ ക്ഷീണിതയായി കാണപ്പെട്ടു. വിശപ്പില്ലായ്മയും ഛര്‍ദിയുമാണ് പ്രശ്നം. ഇനി കാന്‍സര്‍ തിരിച്ചുവന്നതാണോ എന്ന് എനിക്കും സംശയം. പെറ്റ് സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനകളും നടത്തി. അസുഖത്തിന്റെ യാതൊരു ലക്ഷണവുമില്ല.

ഒന്നുകൂടി വിശദമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. അവരുടെ വീടിനടുത്തുള്ള ഒരു പുതിയ താമസക്കാരി, കാന്‍സര്‍ വീണ്ടും വരാതിരിക്കാന്‍വേണ്ടി കൊടുത്ത ഒരു സപ്ലിമെന്റ് ആണ് വില്ലന്‍. അതായത്, രാവിലെ വെറുംവയറ്റില്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുക! വീറ്റ് ഗ്രാസ് എന്നുപറഞ്ഞാല്‍, നമ്മുടെ സാധാരണ ഗോതമ്പ് മുളപ്പിച്ച് അത് രണ്ടാഴ്ച വലുതായിക്കഴിയുമ്പോള്‍ മുറിച്ചെടുത്ത് ജ്യൂസ് ആക്കി കുടിക്കുക. ഇത്രയും വിചിത്രമായ പ്രകൃതിചികിത്സ ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

ഞാന്‍ നമ്മുടെ വക്കീലിനോടു ചോദിച്ചു:

‘ഇതൊക്കെ നിങ്ങള്‍ എങ്ങനെ വിശ്വസിച്ചു?’

എല്ലാവരും പറയുന്ന മറുപടി തന്നെ അദ്ദേഹവും പറഞ്ഞു.

‘പ്രകൃതിയില്‍ നിന്നുള്ള സാധനമാണ്. ഓര്‍ഗാനിക് ആയി വീട്ടില്‍ വളര്‍ത്തിയെടുത്തതാണ്. പിന്നെ എങ്ങനെയാണ് ഇതുകൊണ്ട് പ്രശ്നമുണ്ടാവുക?’

അതുകേട്ട്, ചിരിക്കണോ അതോ കരയണോ എന്നുള്ള അവസ്ഥയിലായിപ്പോയി ഞാന്‍. വിവരവും വിദ്യാഭ്യാസവും ഉള്ള ഇവരൊക്കെ ഇത്തരം പ്രചാരണങ്ങളില്‍ എങ്ങനെ പെട്ടെന്നു വീണു പോകുന്നു; അങ്ങനെയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എങ്ങനെയായിരിക്കും എന്നും ഞാന്‍ ചിന്തിച്ചു. ഏതായാലും ഈ സംഭവത്തിന് ശേഷം വീറ്റ് ഗ്രാസ് ജ്യൂസിനെക്കുറിച്ചു ഞാന്‍ കൂടുതല്‍ പഠിച്ചു. അത് എല്ലാവരുടെയും അറിവിലേക്കായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

വീറ്റ് ഗ്രാസ് ജൂസിന്റെ ആരംഭം

ഇനി ഈ വീറ്റ് ഗ്രാസ് എവിടെ നിന്നും വന്നുവെന്നു നോക്കാം. 1950-കളില്‍ ആന്‍ വിഗ്മോര്‍ എന്ന, ലിത്വാനയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഒരു സ്ത്രീയാണ് ഇത് പ്രചാരത്തില്‍ കൊണ്ടുവരുന്നത്. അവര്‍ ഇത് കണ്ടുപിടിച്ചത് അതിലും രസകരം. അവരുടെ വീട്ടിലുള്ള പട്ടിയും പൂച്ചയുമൊക്കെ അസുഖം വരുമ്പോള്‍ പച്ചില തിന്നുന്നു. അതുപോലെ, ബൈബിളില്‍ ദാനിയേലിന്റെ പുസ്തകത്തില്‍ (4: 33) ഒരു രാജാവ് പുല്ല് തിന്നതുംകൂടി ചേര്‍ത്തുവച്ച് അവര്‍ ആരംഭിച്ച പ്രകൃതിചികിത്സയാണ് ഈ വീറ്റ് ഗ്രാസ് പരിപാടി. പിന്നെ അതിനെ പൊലിപ്പിച്ച് വീറ്റ് ഗ്രാസ് ജ്യൂസ്, വീറ്റ് ഗ്രാസ് പൗഡര്‍, ഓര്‍ഗാനിക് വീറ്റ് ഗ്രാസ് എന്നിങ്ങനെ പല രൂപങ്ങളിലാക്കി പ്രചരിപ്പിച്ചു. അധികം വൈകാതെ, ബോസ്റ്റണ്‍ അറ്റോര്‍ണി, തെറ്റായ അവകാശ വാദങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നതിന് പേരില്‍ പലപ്രാവശ്യം കേസ് കൊടുക്കുകയുണ്ടായി. അതിന്റെ ഫലമായി അവര്‍ ഇതൊക്കെ പിന്‍വലിക്കുകയും ചെയ്തു. 1993-ല്‍ ആന്‍ വിഗ്മോര്‍ മരിച്ചെങ്കിലും അവരുടെ വീറ്റ് ഗ്രാസ് ചികിത്സ ഇന്നും തകൃതിയായി മുന്നോട്ടുപോകുന്നു.

വീറ്റ് ഗ്രാസ് ജൂസിന്റെ പ്രശ്‌നങ്ങള്‍

ഇനി ഈ വീറ്റ് ഗ്രാസ് സ്ഥിരമായി കുടിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ഇതിന്റെ രുചി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. ഇതുകൂടാതെ, ആഹീീറ ഠവശിിലൃ,െ പ്രമേഹം എന്നിവയ്ക്കു കഴിക്കുന്ന മരുന്നുകളുമായി ഇതിനു ദോഷകരമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അതുപോലെതന്നെ ഗര്‍ഭിണികളും ബ്രെസ്റ്റ് ഫീഡിംഗ് ചെയ്യുന്നവരും ഈ പ്രകൃതിചികിത്സയ്ക്കു പോയാല്‍ അമ്മയ്ക്കും കുഞ്ഞിനും അപകടം സംഭവിക്കും.

വീറ്റ് ഗ്രാസ് ജൂസിന്റെ ഗുണങ്ങള്‍?

ഇനി ഈ വീറ്റ് ഗ്രാസ് ജ്യൂസ്, വീറ്റ് ഗ്രാസ് പൗഡര്‍ എന്നിവ ഉപയോഗിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നു നോക്കാം. ഏറ്റവും പ്രയോജനം ലഭിക്കുന്നത് ഇത് ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ലഭിക്കുന്ന സാമ്പത്തികനേട്ടമാണ്. ഇതു കഴിക്കുന്നതുകൊണ്ട് കാന്‍സര്‍ വരാതിരിക്കാനോ, പ്രായം കുറയാനോ, മുഖകാന്തി വര്‍ധിപ്പിക്കാനോ ഒന്നും സാധിക്കില്ല എന്നത് ഒരു ശാസ്ത്രസത്യമാണ്.

ഇത് പ്രചരിപ്പിക്കുന്നവര്‍ പറയുന്ന വിറ്റാമിന്‍, ക്ലോറോഫില്‍ ഒക്കെ കിട്ടാന്‍ അല്‍പം ചീര കറി വച്ചോ അല്ലെങ്കില്‍ സാലഡോ കഴിച്ചാല്‍ മതി. അത് സ്വാദോടെ കഴിക്കാം. അതിനുവേണ്ടി ഈ കയ്പ്പുവെള്ളം കുടിക്കേണ്ട കാര്യമില്ല.

പ്രകൃതിയില്‍ നിന്നും കിട്ടുന്നതാണ് എന്നതുകൊണ്ട് എല്ലാം നല്ലതാണ്, ശരീരത്തിന് ഗുണം കിട്ടും എന്ന ഒരു പൊതുബോധം പ്രകൃതിചികിത്സ, ലൈഫ് സ്‌റ്റൈല്‍ മെഡിസിന്‍, നാച്ചുറോപ്പതി എന്നൊക്കെ പറഞ്ഞിറങ്ങുന്ന ചില വ്യാജചികിത്സകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരുടെയൊക്കെ തട്ടിപ്പില്‍ വീണ് നിങ്ങളുടെ ആരോഗ്യം കളയാതിരിക്കുക. ആരും കബളിപ്പിക്കലുകളില്‍ വീഴാതിരിക്കട്ടെ

 

Latest News