Sunday, November 24, 2024

പേവിഷബാധ പ്രതിരോധവാക്‌സിന്‍ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം; അരിവാള്‍, ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകളും പട്ടികയില്‍

നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പേവിഷബാധ പ്രതിരോധവാക്‌സിന്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്‌സിനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരിവാള്‍രോഗത്തിനും ഹീമോഫീലിയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കില്‍ 26.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022ല്‍ 2.18 ദശലക്ഷം ആയിരുന്നതില്‍ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്.

കൃത്യസമയത്തെ വാക്സിനേഷനാണ് പേവിഷബാധ തടയാനുള്ള ഏക പ്രതിവിധി. നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ 75 ശതമാനവും തെരുവുനായ്ക്കളില്‍ നിന്നാണെന്ന് കണക്കുകള്‍ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടന്‍ പേവിഷബാധ പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നതാണ് നിര്‍ദേശം.

ലോകത്തെ പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ 36 ശതമാനവും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഇരുപതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതായും ഡബ്ലിയുഎച്ച്ഒയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ അറുപതുശതമാനവും 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയൊഴികെ രാജ്യത്ത് എല്ലായിടത്തുനിന്നും അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

അതേസമയം അരിവാള്‍രോഗത്തിനും ഹീമോഫീലിയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചികിത്സയ്ക്കുള്ള മരുന്നുകള്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവവഴി ലഭ്യമാക്കും.

 

Latest News