Saturday, November 23, 2024

മദ്രസ ബോർഡ് അടച്ചുപൂട്ടാൻ സംസ്ഥാനങ്ങളോട് ബാലാവകാശ കമ്മീഷൻ

മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും മദ്രസ ബോർഡുകൾക്കുമുള്ള സംസ്ഥാന ധനസഹായം നിർത്തണമെന്നും ശുപാർശ ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച കത്തുകൾ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കൈമാറിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഏതെങ്കിലും മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ അത് അടച്ചുപൂട്ടണമെന്ന് കേന്ദ്രത്തിലെ ബി. ജെ. പി. യുടെ സഖ്യകക്ഷിയായ ലോക് ജൻശക്തി പാർട്ടി വക്താവ് എ. കെ. ബാജ്പേയി പറഞ്ഞു. 2009-ലെ ആർ. ടി. ഇ. നിയമപ്രകാരം എല്ലാ അമുസ്ലിം കുട്ടികളെയും മദ്രസകളിൽനിന്ന് മാറ്റി അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്കൂളുകളിൽ പ്രവേശിപ്പിക്കണമെന്നും കത്തിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നും എൻ. സി. പി. സി. ആർ. ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്കോ കത്തിൽ പറയുന്നു. കൂടാതെ, മദ്രസയിൽ ചേരുന്ന മുസ്ലിം സമുദായത്തിൽനിന്നുള്ള കുട്ടികൾ അംഗീകൃതമോ, അംഗീകാരമില്ലാത്തതോ ആകട്ടെ, ഔപചാരിക സ്കൂളുകളിൽ ചേരുകയും 2009-ലെ ആർ. ടി. ഇ. നിയമപ്രകാരം നിർദിഷ്ട സമയത്തും പാഠ്യപദ്ധതിയിലും വിദ്യാഭ്യാസം നേടുകയും ചെയ്യണമെന്നും കത്തിൽ പറയുന്നു.

മദ്രസകളിൽ വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സമുദായത്തിലെ കുട്ടികളെ മുഘ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയാത്തതിനാലാണ് ബാലാവകാശ കമ്മീഷനെ ഇപ്രകാരം ഒരു ശുപാർശയിലേക്കു നയിച്ചത്.

Latest News