അന്താരാഷ്ട്ര നാണയ നിധിയിലെ അംഗങ്ങളായിട്ടുളള രാജ്യങ്ങള്‍ തമ്മിലുള്ള യോഗം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കും. ചൈനയുടെ ധനമന്ത്രിയും ഈ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും ഒരുമിച്ച് നിര്‍ത്താനാണ് ഈ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജോര്‍ജീവ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന് മുന്നോടിയായിട്ടുള്ള ആദ്യ യോഗം കഴിഞ്ഞ മാസം നടന്നിരുന്നു.
2023 ല്‍ ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ജോര്‍ജീവ ഈ വര്‍ഷാരംഭത്തില്‍ വ്യക്തമാക്കിയിരുന്നു. ആഗോള വളര്ച്ചയുടെപ്രധാന സ്രോതസ്സുകളായ യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളെല്ലാം ഒരേസമയം ദുര്‍ബലമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതാണ് ഇതിന് കാരണമെന്ന് ജോര്‍ജീവ പറഞ്ഞു.
40 വര്‍ഷത്തിനിടെ ആദ്യമായി ചൈനയിലെ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്. കൂടാതെ, വരും മാസങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണം കൂടുകയാണെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ച ദുര്‍ബലപ്പെടുമെന്നും ജോര്‍ജീവ വ്യക്തമാക്കിയിരുന്നു.