Sunday, November 24, 2024

കോവിഡിനെക്കുറിച്ച് ലോകത്തെ അറിയിച്ച ചൈനീസ് ബ്ലോഗര്‍ക്ക് ഒടുവില്‍ ജയില്‍ മോചനം

കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തിന് വിവരം നല്‍കിയ ചൈനീസ് ബ്ലോഗര്‍ക്ക് ഒടുവില്‍ ജയില്‍ മോചനം. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് ലോകത്തെ അറിയിച്ച സിറ്റിസണ്‍ ജേണലിസ്റ്റ് ഷാങ് ഷാനെ ആണ് നാലുവര്‍ഷത്തെ തടവിനു ശേഷം ചൈന മോചിപ്പിച്ചത്. ഷാങ്ങിനെ തെറ്റായി പ്രോസിക്യൂട്ട് ചെയ്തതായി അവകാശപ്പെട്ട് മാധ്യമ നിരീക്ഷകരും മനുഷ്യാവകാശ ഗ്രൂപ്പുകളും നേരത്തെ രംഗത്ത് വന്നിരുന്നു. 2020ലാണ് കൊവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഷാന്‍ വുഹാനിലെത്തിയത്.

അപ്പോള്‍ വുഹാനില്‍ ലോക്ഡൗണ്‍ ആയിരുന്നു. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ നഗരത്തിലേക്ക് കടക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വിഡിയോ ആയും മറ്റും ഷാന്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ചൊക്കെ അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈവ് സ്ട്രീമുകളും ആര്‍ട്ടിക്കുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കാണപ്പെട്ടു, അധികാരികളുടെ ഭീഷണികള്‍ വകവയ്ക്കാതെ ഷാന്‍ അവ നിര്‍മ്മിക്കുന്നത് തുടര്‍ന്നു.

എന്നാല്‍ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കലഹത്തിനും ഇത് കാരണമായെന്നും കാണിച്ച് 2020 മേയില്‍ വുഹാന്‍ പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്തു. അന്നുതൊട്ട് ഷാങ്ഹായി വനിത ജയിലിലായിരുന്നു ഷാന്‍. 2023 ജൂലൈ വരെ അവള്‍ ഭാഗിക നിരാഹാര സമരത്തില്‍ തുടര്‍ന്നു. അപ്പോഴൊക്കെ ട്യൂബിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിച്ചു. അറസ്റ്റിലാകുമ്പോള്‍ 74.8 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഷാന്‍ ക്രമേണ 37 കിലോയിലേക്ക് പോലും എത്തിയിരുന്നു. ഇപ്പോള്‍ ജയില്‍ മോചിതയായെങ്കിലും അധികാരികളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഷാന്‍ തുടരുന്നതെന്ന് അവരുടെ അനുയായികള്‍ പറയുന്നു.

 

Latest News