ഇറാനില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്യപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ എണ്ണം നിരവധിയാണ്. അവരില്‍ ഒരാള്‍ക്ക് കോടതി ഈ ദിവസങ്ങളില്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റനേകം പേരാണ് ഒരു കാരണവുംകൂടാതെ ജയിലില്‍ കഴിയുന്നത്. അവരില്‍ ചിലര്‍ ഇതിനോടകം ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.
അറസ്റ്റിലായ 46 വിശ്വാസികളില്‍ ഒരാളായ ഇസ്മയില്‍ നരിമാന്‍പൂര്‍, നാലുമാസം കസ്റ്റഡിയില്‍ കഴിഞ്ഞതിനുശേഷമാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്. ക്രിസ്തുമസ് രാവില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാറണ്ട് ഇല്ലാതിരുന്നിട്ടും സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു. ദേശീയസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ വ്യാജമായി ആരോപിക്കപ്പെട്ടത്. അദ്ദേഹത്തെ മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ജയിലിലും രക്ഷയില്ലാതെ ക്രൈസ്തവര്‍
വ്യാജമായി അറസ്റ്റ് ചെയ്യപ്പെടുക മാത്രമല്ല, ക്രൈസ്തവനെന്ന കാരണത്താല്‍, ജയിലിലും മറ്റ് തടവുപുള്ളികളെക്കാള്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ക്രൈസ്തവര്‍ക്കാണ്. വ്യാജമായ മറ്റൊരു കേസില്‍ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ആറുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന മിന ഖാജാവി (60) എന്ന സ്ത്രീ സന്ധിവാതത്തിന് മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുകയാണ്. തടവറയിലെ ബങ്ക്‌ബെഡില്‍ കയറാന്‍പോലും പാടുപെടുന്നു. വല്ലപ്പോഴുമുള്ള വേദനസംഹാരിയാണ് അവള്‍ക്ക് ലഭിക്കുന്ന ഏകചികിത്സ. ജയില്‍വാസത്തിനുമുമ്പ്, ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ അവളുടെ കണങ്കാലിന് ശസ്ത്രക്രിയ ചെയ്യുന്നതുപോലും നിഷേധിച്ചിരിക്കുകയാണ്.
അതേസമയം, രാജ്യത്തെ ഇസ്‌ളാമിക ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന്റെ പേരില്‍ ഷബെദ്ദീന്‍ ഷാഹി രണ്ടാമത്തെതും അവസാനത്തെതുമായ വാദം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. 2023 ഡിസംബറില്‍ മിലാദ് ഗൂഡാര്‍സി സഹോദരന്മാരായ അലിരേസ, അമീര്‍ നൂര്‍മുഹമ്മദി എന്നിവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. ദേശീയസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന വ്യാജ ആരോപണമാണ് ലാലെയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ വാര്‍ത്തകളൊക്കെ ഇറാനില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന വലിയ നീതിനിഷേധത്തിന്റെ വാര്‍ത്തകളാണ്. പുറംലോകം അറിയാതെ എത്രയോ ക്രൂരതകള്‍ മറയ്ക്കപ്പെടുന്നു. ആഗോളതലത്തില്‍ ക്രൈസ്തവപീഡന പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തുള്ള ഇറാനില്‍ നിന്നുള്ള ഈ സമ്മിശ്രവാര്‍ത്തകള്‍ ക്രിസ്ത്യാനികളോടുള്ള അധികാരികളുടെ പ്രവചനാതീതവും ക്രൂരവുമായ സമീപനത്തിന്റെ ലക്ഷണമാണ്. ചില വിശ്വാസികള്‍ക്ക് ജാമ്യം ലഭിക്കുകയും മോചിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും മറ്റുചിലര്‍ ഭയാനകമായ സാഹചര്യങ്ങളില്‍ ദീര്‍ഘനാളത്തേക്ക് തടവില്‍ തുടരുന്നു. അവര്‍ക്ക് ഇനിയും നീതി അകലെയാണ്.