ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെന്‍സസ് നടപ്പാക്കും, എസ്‌സി, എസ്ടി, ഒബിസി സംവരണം ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവന്‍ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, വാര്‍ധക്യ കാല, വികലാംഗ പെന്‍ഷന്‍ തുക ആയിരം രൂപയായി ഉയര്‍ത്തും, മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ ഇളവുകള്‍ നല്‍കും, രാജസ്ഥാന്‍ മാതൃകയില്‍ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര് പറയുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ ചികിത്സയും, മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നല്‍കും, 2025 മുതല്‍ കേന്ദ്ര സര്‍ക്കാരിലെ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും, നേതാക്കള്‍ കൂറുമാറിയാല്‍ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും എന്നീ വാഗ്ദാനങ്ങള്‍ക്കൊപ്പം ഇലക്ടറല്‍ ബോണ്ടിലും പിഎം കെയര്‍ ഫണ്ടിലും അന്വേഷണം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.