സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്നാണ് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. കോവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700- 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎന്‍ 1 ആണ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോവിഡ് പിറോളയുടെ (ആഅ.2.86) പിന്‍ഗാമിയാണ് ഈ പുതിയ വകഭേദം.
ജെഎന്‍ 1 പുതിയ വകഭേദമല്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച് പുതിയ വകഭേദമാണ്. ആഗോളതലത്തില്‍ 38 രാജ്യങ്ങളില്‍ ഇത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ, പോര്‍ച്ചുഗല്‍, യുഎസ് അടക്കമുള്ള രാജ്യങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചത്’, സാംക്രമിക രോഗ വിദഗ്ധനായ ഡോ. ഈശ്വര്‍ ഗിലാഡ പറഞ്ഞു.
മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോള്‍ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം കൂടുതല്‍ തീവ്രമായേക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വലിയ ആശങ്ക വേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. കോവിഡ് -19 വാക്‌സിനുകള്‍ BA. 2.86 ന് എതിരെ പ്രവര്‍ത്തിച്ചതിനാല്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ഗിലാഡ വ്യക്തമാക്കി.