Sunday, November 24, 2024

തെക്കന്‍ ബ്രസീലില്‍ പ്രളയദുരിതം ഗുരുതരമായി തുടരുന്നു; മരണം 100 കടന്നു

തെക്കന്‍ ബ്രസീലിനെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. കാണാതായ ഡസന്‍ കണക്കിന് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തം ഏകദേശം 400 മുനിസിപ്പാലിറ്റികളെ ബാധിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 160,000 പേര്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പലര്‍ക്കും കുടിവെള്ളമോ വൈദ്യുതിയോ ലഭ്യമല്ല. പലയിടത്തും ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പാടെ തകര്‍ന്നു.

സംസ്ഥാന തലസ്ഥാനമായ പോര്‍ട്ടോ അലെഗ്രെയിലും മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഗവര്‍ണര്‍ എഡ്വേര്‍ഡോ ലൈറ്റ് മുന്നറിയിപ്പ് നല്‍കി. 15,000-ത്തോളം സൈനികരും അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവര്‍ത്തകരും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും സഹായങ്ങള്‍ എത്തിക്കാനുമായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഉരുള്‍പൊട്ടലും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് മടങ്ങരുതെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്ത് അഭൂതപൂര്‍വമായ മഴയിലും വെള്ളപ്പൊക്കത്തിലും ഏകദേശം 100,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഏകദേശം 900 മില്യണ്‍ ഡോളറിലധികം നഷ്ടം കണക്കാക്കുന്നു.

 

 

Latest News