റഷ്യയുടെ തെക്കന്‍ പ്രദേശമായ ഡാഗെസ്താനില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 16 പേര്‍ പോലീസുകാരാണ്. 46 പേര്‍ക്ക് പരിക്കേറ്റതായും ഡാഗെസ്താനിലെ മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. അവരില്‍ 13 പേര്‍ പോലീസുകാരാണ്.
ഡെര്‍ബെന്റിലെ ഒരു റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനായ റവ. നിക്കോളായ് കോട്ടെല്‍നിക്കോവ് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ട്രിനിറ്റി സണ്‍ഡേ എന്നറിയപ്പെടുന്ന പെന്തക്കോസ്ത് ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ആയുധധാരികള്‍ പള്ളികളിലെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വടക്കന്‍ കോക്കസസിലെ മുസ്ലിംങ്ങള്‍ കൂടുതലായി താമസിക്കുന്ന ഡെര്‍ബെന്റ്, മഖച്കല നഗരങ്ങളില്‍ ക്രിസ്ത്യന്‍, ജൂത ആരാധനാലയങ്ങള്‍ ആക്രമിക്കുകയും പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്ത പ്രസ്തുത സംഭവം റഷ്യയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ഒരു അഫിലിയേറ്റ്, ഡാഗെസ്താനിലെ ആക്രമണത്തെ പുകഴ്ത്തിക്കൊണ്ട്, ‘തങ്ങള്‍ ഇപ്പോഴും ശക്തരാണെന്ന് കോക്കസസിലെ സഹോദരന്മാര്‍ കാണിച്ചു കൊടുത്തു’ എന്ന് പ്രസ്താവിച്ചിരുന്നു.
2000-കളുടെ തുടക്കം മുതല്‍ പോലീസിനും മറ്റ് അധികാരികള്‍ക്കുമെതിരെ ദിവസേനയെന്നവണ്ണം തീവ്രവാദി ആക്രമണങ്ങള്‍ ഡാഗെസ്താനില്‍ ഉണ്ടാകുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ആവിര്‍ഭാവത്തിനുശേഷം, പ്രദേശത്തെ നിരവധിപ്പേര്‍ സിറിയയിലും ഇറാഖിലും പോയി തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നിട്ടുമുണ്ട്.
ഡാഗെസ്താനിലെ അക്രമങ്ങള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ ശമനമുണ്ടായിരുന്നു. എന്നാല്‍ പ്രദേശത്ത് ഇപ്പോഴും തീവ്രവാദ വികാരങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നതിന്റെ സൂചനയായി, ഇസ്രായേലില്‍ നിന്നുള്ള വിമാനം ലക്ഷ്യമാക്കി ഒക്ടോബറില്‍ ജനക്കൂട്ടം അവിടെയുള്ള ഒരു വിമാനത്താവളത്തില്‍ ലഹള നടത്തിയിരുന്നു. യഹൂദവിരുദ്ധ മുദ്രാവാക്യങ്ങളുമായി നടത്തിയ ലഹളയില്‍ അന്ന് 20-ലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.