രാജ്യത്ത് അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ (ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം) മൂന്നാം സ്ഥാനത്താണെന്ന് സ്വിസ് സ്ഥാപനമായ ഐക്യു എയര്‍ പുറത്തിറക്കിയ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ 10.9 മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ വായുമലിനീകരണം.
ഡല്‍ഹിയാണ് ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള തലസ്ഥാന നഗരം. ബിഹാറിലെ ബെഗുസരയാണ് ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റി. 134 രാജ്യങ്ങളുടെ പട്ടികയില്‍ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും പാകിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. ഇന്ത്യയില്‍ 1.36 ബില്യണ്‍ ആളുകള്‍ ഇതില്‍ കൂടുതല്‍ മലിനമായ വായു ശ്വസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.
ഈ മലിനീകരണത്തിന്റെ 50 ശതമാനത്തിലധികം വരുന്നത് വ്യവസായത്തില്‍ നിന്നാണെന്നാണ് കണക്ക്. 27 ശതമാനം വാഹനങ്ങളില്‍ നിന്നും 17 ശതമാനം വിളകള്‍ കത്തിക്കുന്നതില്‍ നിന്നും 7 ശതമാനം ഗാര്‍ഹിക പാചകത്തില്‍ നിന്നുമാണെന്നും കണക്കുകള്‍ പറയുന്നു. 2022ല്‍ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ. അസമിലെ സില്‍ചാര്‍ ആണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം.