മാര്‍ച്ച് 6 ദേശീയ ഡെന്റിസ്റ്റ് ദിനമാണ്. നഷ്ടമായ പല്ലുകള്‍ മാറ്റിസ്ഥാപിച്ച്, ഒരാളുടെ നഷ്ടമായ ആത്മവിശ്വാസത്തെ വീണ്ടെടുക്കുന്നതിനു സഹായിക്കുന്ന ചികിത്സാമാര്‍ഗങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ഡോ. സി. സംഗീത MDS.
കഴിഞ്ഞദിവസം ആശുപത്രിയില്‍ വച്ച് അവരെ ഞാന്‍ വീണ്ടും കണ്ടു. എന്നെ കണ്ടതേ അടുത്തേയ്ക്ക് ഓടിവന്ന് കൈയില്‍ പിടിച്ചു സംസാരം തുടങ്ങി. ആശുപത്രിയില്‍ മറ്റൊരു വിഭാഗത്തിലെ ഡോക്റ്ററെ കാണാന്‍ വന്നതാണ്. ഞാന്‍ ചോദിച്ചു:
‘ഇപ്പോള്‍ പല്ലിനു കുഴപ്പമൊന്നും ഇല്ലല്ലോ?’
ഒരു ചിരിയോടെ അവര്‍ പറഞ്ഞു:
‘ഇല്ല ഡോക്റ്റര്‍, ഒരു കുഴപ്പവും ഇല്ല. എല്ലാം നന്നായി പോകുന്നു.’
തിരക്കായതിനാല്‍ യാത്ര പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
ആറു മാസങ്ങള്‍ക്കു മുന്‍പ് അവര്‍ എന്നെ കാണാന്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നത് ഞാന്‍ ഓര്‍ത്തു. ജാന്‍സി എന്നാണ് പേര്. വീട് പാലായ്ക്കടുത്ത്. പ്രശ്‌നം പല്ലുകള്‍ പോയതാണ്. അതോടെ വായ തുറക്കുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ അഭംഗിയായി. ചെവിവേദന, കഴുത്തു വേദന, തലവേദന, വായ തുറക്കുമ്പോളും അടക്കുമ്പോളും ശബ്ദം കേള്‍ക്കുന്നു.ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല. അതിനാല്‍ ഋചഠ, ീൃവേീുലറശര ചികിത്സകളൊക്കെ കഴിഞ്ഞാണ് വരവ്.
ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. മധ്യവയസ് എത്തിയതിനു ശേഷം പല്ല് നഷ്ടപ്പെടുന്നത് വളരെ സാധാരണമായ കാര്യമാണ്; മോണരോഗം, ദന്തക്ഷയം, ക്ഷതം എന്നിവയാണ് പല്ല് നഷ്ടപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങള്‍; നഷ്ടമായ പല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നത് പുഞ്ചിരിക്കാനും നന്നായി സംസാരിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമൊക്കെ കാരണമാകും – തുടങ്ങിയ വിവരങ്ങളൊക്കെ പറഞ്ഞു.
ചികിത്സാ രീതികളെക്കുറിച്ചും ബോധ്യമാക്കി. ഊരി മാറ്റാവുന്ന പല്ലുകള്‍, ബ്രിഡ്ജ് ചികിത്സ, ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സ എന്നിവയെക്കുറിച്ചു വിവരിച്ചു പറഞ്ഞു. ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സയാണ് അവര്‍ തെരഞ്ഞെടുത്തത്. ഏതായാലും ചികിത്സ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. അതിനുശേഷം ആദ്യമായി കാണുന്നതാണ്.
പല്ലുകള്‍ ഏതെങ്കിലും രീതിയില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സാധാരണ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഈ പേഷ്യന്റിനും ഉണ്ടായത്. അത് വളരെ നിസാരമായി കരുതി നീട്ടി വച്ചതാണ് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആര്‍ക്കും സംഭവിക്കാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ ഇതിനു കൃത്യമായ പരിഹാരമുണ്ട്. അവയാണ് ഇനി കാണുന്നത്.
ചികിത്സകള്‍ മൂന്നു തരത്തില്‍
കൃത്രിമ ദന്തങ്ങള്‍ സ്ഥാപിക്കാനുള്ള ചികിത്സകള്‍ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്. ഊരി മാറ്റാവുന്ന പല്ലുകള്‍, ബ്രിഡ്ജ് ചികിത്സ, ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സ എന്നിവയാണ് മൂന്നു ചികിത്സാരീതികള്‍. ഈ ചികിത്സാ രീതികളും അവയുടെ പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം.
1. ഊരി മാറ്റാവുന്നവ
വായില്‍ ഉറച്ചു നില്‍ക്കാത്ത പല്ല് സെറ്റുകള്‍ ആയതിനാല്‍ ദിവസവും വായില്‍ നിന്ന് പുറത്തെടുത്ത് ബ്രഷ് ചെയ്ത് വൃത്തിയാക്കിയാണ് ഇവ ഉപയോഗിക്കേണ്ടത്. രോഗികള്‍ക്ക് അവ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അടുത്തുള്ള പല്ലില്‍ ഘടിപ്പിച്ചു വയ്ക്കുന്നതുകൊണ്ട് അവ പല്ലുകളെയും ദോഷമായി ബാധിക്കാറുണ്ട്. കാലക്രമേണ അടുത്തുള്ള പല്ലുകള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകുന്നു.
2. എഫ്.പി.ഡി. (FPD) അല്ലെങ്കില്‍ ബ്രിഡ്ജ് ചികിത്സ
ഒരു പല്ല് ഉറപ്പിച്ചു വയ്ക്കണമെങ്കില്‍ തൊട്ടടുത്തുള്ള ഉറപ്പുള്ള ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് സപ്പോര്‍ട്ട് എടുക്കേണ്ടതായിട്ടുണ്ട്. നഷ്ടപ്പെട്ട പല്ലിന്റെ ഇരുവശത്തും നില്‍ക്കുന്ന ആരോഗ്യമുള്ള പല്ലുകളില്‍ ആണ് ഇവയെ ഉറപ്പിച്ചു നിര്‍ത്തുക. നഷ്ടപ്പെട്ടുപോയ പല്ലുകളുടെ ഭാഗത്തുള്ള താടിയെല്ലിന്റെ ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതാണ്. ഇങ്ങനെ അരികെയുള്ള പല്ലുകളുടെ സപ്പോര്‍ട്ട് ഉപയോഗിച്ച് കൃത്രിമ ദന്തങ്ങള്‍ വയ്ക്കുന്നതിനെ എജഉ അഥവാ ബ്രിഡ്ജ് എന്നാണ് വിളിക്കുന്നത്.
3. ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സ
ഈ ചികിത്സയില്‍ കൃത്രിമദന്തങ്ങള്‍ സ്വന്തം പല്ലില്‍ ഉറപ്പിക്കുന്നതിനു പകരമായി എല്ലിലേയ്ക്ക് ടൈറ്റാനിയം സ്‌ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുക. അതായത് താടിയെല്ലില്‍ നിന്ന് സപ്പോര്‍ട്ട് എടുത്ത് പല്ലു വയ്ക്കുന്ന രീതി. ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സയില്‍ എല്ലിന്റെ ഘടന അനുസരിച്ച് ട്രീറ്റ്‌മെന്റില്‍ വ്യത്യാസം വരുന്നു. മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ ഏത് ചികിത്സ തിരഞ്ഞെടുക്കണം എന്നത് രോഗിയുടെ നഷ്ടമായ പല്ലുകളുടെ എണ്ണം, താടിയെല്ലിന്റെയും ചുറ്റുമുള്ള ഭാഗങ്ങളുടെയും ഘടന, ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതി എന്നിവ വിലയിരുത്തിയ ശേഷം ഡോക്ടര്‍ തീരുമാനിക്കേണ്ടതാണ്.
മറ്റു രണ്ടു ചികിത്സകളെക്കാള്‍ ഇംപ്ലാന്റ് ചികിത്സക്ക് ഗുണങ്ങള്‍ ഏറെയുണ്ട്. ഊരി മാറ്റുന്ന പല്ലുസെറ്റുകള്‍ ദിവസേന ഊരിമാറ്റി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇത് സാധാരണഗതിയില്‍ രോഗികള്‍ക്ക് വലിയതോതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബ്രിഡ്ജ് ചികിത്സയില്‍ തൊട്ടടുത്തുള്ള പല്ലുകള്‍ രാകി ചെറുതാക്കേണ്ടത് ആവശ്യമായതുകൊണ്ട് അടുത്തുള്ള പല്ലുകള്‍ക്കും ചെറിയതോതില്‍ ദോഷം സംഭവിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സ തന്നെയാണ് നഷ്ടപ്പെട്ട് പോയ പല്ലുകള്‍ മാറ്റിവെക്കുന്നതിനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം.
ഇംപ്ലാന്റ് ചികിത്സയ്ക്ക് പല ഘട്ടങ്ങളുണ്ട്. ട്രീറ്റ്‌മെന്റിന്റെ ഭാഗമായി ആദ്യമായി തന്നെ ബ്ലഡ് ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. സാധാരണ മറ്റു ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ ചെയ്യുന്നതുപോലെ ഉള്ള ബ്ലഡ് ടെസ്റ്റുകള്‍ ആണ് അവ. ട്രീറ്റ്‌മെന്റ് പ്ലാനിങ്ങിന്റെ ഭാഗമായുള്ള മറ്റു പരിശോധനകളും ഉണ്ട്. താടിയെല്ലില്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നത് ഒരു ചെറിയ ശസ്ത്രക്രിയ വഴിയാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം ഇവ നിയന്ത്രണവിധേയമായിരിക്കണം. പല്ല് എടുക്കുമ്പോള്‍ സാധാരണ അനുഭവപ്പെടാറുള്ള ബുദ്ധിമുട്ടുകള്‍ തന്നെയാണ് ഇംപ്ലാന്റ് ചികിത്സയിലും ഉള്ളത്.
ഇതൊരു മൈനര്‍ സര്‍ജറിയാണ്. ഭയപ്പെടേണ്ടതില്ല.സാധാരണയായി ഇംപ്ലാന്റ് വയ്ക്കുന്ന ഭാഗം മാത്രം മരവിപ്പിച്ച ശേഷമാണ് ഈ ശസ്ത്രക്രിയ ചെയ്യാറുള്ളത്. അതിന്‌ശേഷം എല്ലിന്റെ അളവും ഘടനയും മനസ്സിലാക്കാന്‍ എക്‌സറേ എടുത്തു നോക്കേണ്ടതുണ്ട്. എക്‌സ്-റേയില്‍ നിന്ന് എല്ലിന്റെ ഘടനയും അളവും മനസ്സിലാക്കിയശേഷം മാത്രമേ ഇംപ്ലാന്റ് ചികിത്സ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൃത്യ സ്ഥലത്ത് ഇംപ്ലാന്റ് ഉറപ്പിക്കാന്‍ സര്‍ജിക്കല്‍ ടെമ്പ്‌ലേറ്റ് ഉണ്ടാക്കുന്ന പതിവുണ്ട്. അതിന്റെ ഫലമായി ഇംപ്ലാന്റ് കൃത്യ സ്ഥാനത്തു തന്നെ ഉറപ്പിക്കാന്‍സാധിക്കും. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന ചികിത്സയാണിത്.
ശുദ്ധീകരിച്ച ടൈറ്റാനിയം ലോഹം ആണ് ഇംപ്ലാന്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. മുറിവുണങ്ങിയ ശേഷം മൂന്ന് നാല് മാസത്തിനുള്ളില്‍ എല്ലും ഇംപ്ലാന്റും തമ്മില്‍ ചേര്‍ന്ന് ഉറച്ചു കഴിഞ്ഞിട്ടുണ്ടാവും. ഒരു എക്‌സറേ എടുത്ത് പുരോഗതി വിലയിരുത്താം. അതിനുശേഷം ആണ് പല്ലുകള്‍ ഇംപ്ലാന്റില്‍ ഉറപ്പിക്കുന്ന ചികിത്സയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. സ്‌ക്രൂ അല്ലെങ്കില്‍ സിമന്റ് ഉപയോഗിച്ചാണ് സാധാരണയായി ഇംപ്ലാന്റില്‍ പല്ലുകള്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്.
മൂന്ന് മാസം മുതല്‍ ആറു മാസം വരെ കാലയളവാണ് ഇംപ്ലാന്റ് ചികിത്സ പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരുന്നത്. നഷ്ടമായ പല്ലുകള്‍ പുനസ്ഥാപിക്കാന്‍ ഈ മൂന്ന് തരത്തിലുള്ള ചികിത്സവിധികള്‍ ഉണ്ടെങ്കിലും ഇംപ്ലാന്റ് ചികിത്സയാണ് ഏറ്റവും നല്ലതും മറ്റു പല്ലുകള്‍ക്ക് ദോഷം വരുത്താത്തതുമായ ചികിത്സരീതി. നഷ്ടമായ പല്ലുകള്‍ മാറ്റിവയ്ക്കുന്നതില്‍ നാം കാണിക്കുന്ന അശ്രദ്ധ പലപ്പോഴും താടിയെല്ലിന്റെ ജോയിന്റ് സംബന്ധമായ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുക. അത് മുകളില്‍ പറഞ്ഞതുപോലുള്ള അവസ്ഥകള്‍ക്ക് കാരണമാവും. അതുകൊണ്ട് നഷ്ടമായ പല്ലുകളുടെ പുനസ്ഥാപനം വഴി ദന്താരോഗ്യം വീണ്ടെടുക്കാം.
ഡോ. സി. സംഗീത MDS, SVM