യൂറോപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പിന്നാലെ പോകുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍, അഭയംതേടി യൂറോപ്പിലേക്കെത്തുന്ന കുട്ടികളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്ര സംഘടന. യൂറോപ്പിന്റെ അതിര്‍ത്തികള്‍ കൂടുതല്‍ ശക്തമാകുകയും പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ അഭയസാധ്യതകള് തേടി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയാണ് കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി തങ്ങള്‍ പരിശ്രമിക്കുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ സംഘടന ജൂണ്‍ 13 വ്യാഴാഴ്ച, പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2024 വര്‍ഷത്തിന്റെ ആരംഭംമുതല്‍ ഇതുവരെ ഇറ്റലിയിലേക്കു മാത്രം 3,029 കുട്ടികള്‍ എത്തിയിട്ടുണ്ടെന്നും കടല്‍മാര്‍ഗം ഇറ്റലിയിലേക്കെത്തിയവരില് 13 ശതമാനവും ഇവരായിരുന്നുവെന്നും സേവ് ദി ചില്‍ഡ്രന്‍ വ്യക്തമാക്കി. നടപ്പുവര്‍ഷത്തില്‍ കടല്‍മാര്‍ഗം ഇറ്റലിയിലേക്കെത്തിയവരുടെ എണ്ണം 23,000-ന് അടുത്താണ് (22.944). എന്നാല്‍, കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 6,151 കുട്ടികള്‍ രാജ്യത്ത് പ്രവേശിച്ചിരുന്നു. ഇതേ കാലയളവില്‍ ഇറ്റലിയിലെത്തിയത് 55,000-ലധികം ആളുകളാണ് (55.662).
ഫുട്ബോള്‍ മത്സരങ്ങളിലെന്നപോലെ, യൂറോപ്പിന്റെ അതിര്‍ത്തികളില്‍നിന്ന് അകത്തേക്കു കയറാനാകാതെ നിരവധി കുട്ടികളാണ് ബുദ്ധിമുട്ടുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ പത്രക്കുറിപ്പില്‍ എഴുതി. അഭയം തേടിയെത്തുന്ന കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവര്‍ക്ക് സംരക്ഷണവും പിന്തുണയേകുകയും ചെയ്തുകൊണ്ട് യൂറോപ്പിന്റെ സ്ഥാപനമൂല്യങ്ങളോട് വിശ്വസ്തത പുലര്‍ത്താന്‍ യൂറോപ്പ് തയ്യാറാകണമെന്ന് സംഘടന ആഹ്വാനം ചെയ്തു.