Wednesday, June 10, 2026

എബോള ഭീതി: കോംഗോയുമായുള്ള അതിർത്തി അടച്ച നടപടി ഉഗാണ്ട പുനഃപരിശോധിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള (DRC) അതിർത്തി അടച്ച നടപടി ഉഗാണ്ട പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്‌റോസ് അദാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ ഒരു ആശുപത്രിയിലെ എബോള ഐസൊലേഷൻ വാർഡ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എബോള പ്രതിരോധത്തിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ദ്രുതഗതിയിലുള്ളതും കാര്യക്ഷമവുമായ നടപടികളെ ടെഡ്‌റോസ് പ്രശംസിച്ചു. എന്നാൽ, രോഗവ്യാപനം തടയുന്നതിനായി കഴിഞ്ഞ മാസം അവസാനം കോംഗോയുമായുള്ള അതിർത്തി താൽക്കാലികമായി അടയ്ക്കാനുള്ള ഉഗാണ്ടയുടെ തീരുമാനത്തെ അദ്ദേഹം വിമർശിച്ചു.

“ഇത്തരത്തിലുള്ള പൂർണ്ണമായ യാത്രാ വിലക്കുകൾ പ്രായോഗികമായി വിജയിക്കാറില്ല. അതുകൊണ്ട് ഉഗാണ്ടൻ അധികൃതർ ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”– ടെഡ്‌റോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അതിർത്തികൾ പൂർണ്ണമായി അടയ്ക്കുന്നത് ജനങ്ങൾ അനധികൃത പാതകൾ ഉപയോഗിക്കാൻ കാരണമാകുമെന്നും, ഇത് രോഗബാധിതരെ കണ്ടെത്തുന്നതും നിരീക്ഷിക്കുന്നതും കൂടുതൽ സങ്കീർണ്ണമാക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എന്നാൽ, സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അതിർത്തി അടച്ചതെന്നാണ് ഉഗാണ്ടൻ അധികൃതരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News