Saturday, November 23, 2024

കത്തോലിക്കാ സഭയ്ക്കുനേരെയുള്ള അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ജസ്യൂട്ട് വൈദികർ

നിക്കരാഗ്വയിലെ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തോട് ആവശ്യപ്പെട്ട് സൊസൈറ്റി ഓഫ് ജീസസ് (ജെസ്യൂട്ട്സ്) മധ്യ അമേരിക്കൻ പ്രവിശ്യ. നിക്കരാഗ്വയിയിൽ പ്രവർത്തിച്ചുവന്നിരുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി (യു. സി. എ.) സ്വേച്ഛാധിപത്യ ഭരണകൂടം പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഇപ്രകാരമൊരു ആവശ്യവുമായി മധ്യ അമേരിക്കൻ പ്രവിശ്യയിലെ ജസ്യൂട്ട് വൈദികർ രംഗത്തെത്തിയത്.

ആഗസ്റ്റ് 15-നു പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, സന്യാസ സമൂഹം യു. സി. എ. യുടെ അന്യായമായ കണ്ടുകെട്ടൽ നടപടിയെ ശക്തമായി അപലപിച്ചു. “നിക്കരാഗ്വയുടെ, ശാസ്ത്രീയവും സാംസ്കാരികവുമായ പൈതൃകത്തിന് കണക്കാക്കാനാവാത്ത നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു ഭരണകൂടം ഈ നടപടിയിലൂടെ. യു. സി. എ. യിൽ പഠിച്ച അല്ലെങ്കിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന ആയിരക്കണക്കിനു യുവാക്കളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ഗുരുതരമായ ലംഘനമായി, ഈ സർവകലാശാലയുടെ അന്യായമായ കണ്ടുകെട്ടൽ തുടരുന്നു” – പ്രസ്താവന വ്യക്തമാക്കി.

ഇത്തരം അടിച്ചമർത്തലുകൾ അനുഭവിച്ച മറ്റെല്ലാ ഇരകളോടും ജെസ്യൂട്ടുകൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഒപ്പം നീതി നടപ്പാക്കാനും കണ്ടുകെട്ടിയ സ്വത്തുക്കൾ പുനഃസ്ഥാപിക്കാനും നിലവിലെ ഭരണകൂടം ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്കായി പരിഹാരത്തുക ആവശ്യപ്പെടാനും തയ്യാറുള്ള എല്ലാവരുമായും സഹകരിക്കാനുള്ള സന്നദ്ധതയും സന്യാസ സമൂഹം അറിയിച്ചു.

Latest News