Saturday, November 23, 2024

‘യുദ്ധത്തിൽ തകർന്ന’ ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്ന ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ

‘യുദ്ധത്തിൽ തകർന്ന’ ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള തന്റെ ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷമാണ് പാപ്പ, ഗാസയിലെ ജനങ്ങളെ സഹായിക്കാനും വെടിനിർത്തൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും അഭ്യർഥിച്ചത്.

“യുദ്ധത്തിൽ തകർന്ന ഗാസയിലെ ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്രസമൂഹം എല്ലാ മാർഗങ്ങളിലൂടെയും അടിയന്തിരമായി പ്രവർത്തിക്കണം. മാനുഷികസഹായം ആവശ്യമുള്ളവരിലേക്ക് അവ എത്തിക്കാൻ കഴിയണം. ആർക്കും അത് തടയാൻ കഴിയില്ല” – പാപ്പ പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റും അന്തരിച്ച ഷിമോൺ പെരസും പലസ്തീൻ പ്രസിഡന്റ് അബു മാസനും പങ്കെടുത്ത, വത്തിക്കാനിലെ സമാധാനത്തിനായുള്ള സമ്മേളനത്തിന് ജൂൺ എട്ടാം തീയതി പത്തുവർഷം തികഞ്ഞത് പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ഹസ്തദാനം സാധ്യമാണെന്നും സമാധാനം സ്ഥാപിക്കാൻ യുദ്ധം ചെയ്യുന്നതിനെക്കാൾ കൂടുതൽ ധൈര്യം ആവശ്യമാണെന്നും ഈ കൂടിക്കാഴ്ച സാക്ഷ്യപ്പെടുത്തുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

“അതിനാൽ, കക്ഷികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ എളുപ്പമല്ലെങ്കിലും അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. സമാധാനത്തിനുള്ള നിർദേശങ്ങൾ, എല്ലാ മുന്നണികളിലും വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ എന്നിവയ്ക്കുള്ള നിർദേശങ്ങൾ ഇവ ഉടനടി അംഗീകരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – പാപ്പ കൂട്ടിച്ചേർത്തു.

പാലസ്തീനിലെയും ഇസ്രയേലിലെയും യുദ്ധത്താൽ വലയുന്ന ജനത്തിനൊപ്പം ഉക്രൈനിലെ ജനത്തെയും ഓർക്കണമെന്നും പാപ്പ തീർഥാടകരോട് ആവശ്യപ്പെട്ടു.

Latest News