Sunday, November 24, 2024

ട്യൂമർ ബോർഡിനെക്കുറിച്ച് സ്വാതിയുടെ അമ്മയ്ക്ക് ഒന്നും അറിയില്ലായിരുന്നു!

ഡോ. ജോജോ വി. ജോസഫ്

അമ്മയ്ക്കൊപ്പമായിരുന്നു സ്വാതി ഒ.പി. -യില്‍ എന്നെ കാണാനെത്തിയത്. ഞാന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ സ്വാതിയുടെ അമ്മ മടിച്ചുമടിച്ചു പറഞ്ഞു: “ഡോക്ടറാണ് എല്ലാം തീരുമാനിക്കുന്നത്‌ എന്നാണല്ലോ ഞങ്ങള്‍ കേട്ടത്. പക്ഷേ, ഇപ്പോള്‍…”  പറഞ്ഞു മുഴുമിക്കാതെ സ്വാതിയുടെ അമ്മ സംശയത്തോടെ എന്നെ നോക്കി. അവരെന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാകാതെ ഞാനും അവരെ നോക്കി.

സ്വാതിയും അമ്മയുടെ അടുത്ത് ഇരിപ്പുണ്ട്. 22 വയസുള്ള യുവതിയാണ് സ്വാതി. അവളുടെ രോഗനിർണ്ണയത്തിനുശേഷം ചികിത്സയ്ക്കായി എത്തിയതാണ് എന്റെ അടുത്ത്. സ്വാതിക്ക് ബ്രസ്റ്റ് കാൻസറാണ്! അവരെന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാകാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു: “അമ്മ എന്താണ് ചോദിച്ചത്?”

സ്വാതിയുടെ അമ്മ വിശദീകരിച്ചു: “ഡോക്ടറേ, ഡോക്ടർ വളരെ പരിചയസമ്പന്നനായ കാൻസർ ശസ്ത്രക്രിയ വിദഗ്ധനാണെന്ന് അറിഞ്ഞാണ് ഞങ്ങള്‍ ഇത്രയും ദൂരം വന്നത്. ഇപ്പോൾ ഡോക്ടർ പറയുന്നു മറ്റാരോടൊക്കെയോ ചോദിച്ചിട്ട് തീയതി നിശ്ചയിക്കാം എന്ന്. അപ്പോൾ ഡോക്ടർക്കുപോലും ഒരു ഉറപ്പില്ലേ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും?”

അപ്പോഴാണ് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് പിടികിട്ടിയത്! ഞാന്‍ പറഞ്ഞ ഒരു കാര്യം അവര്‍ക്ക് മനസിലാകാത്തതുകൊണ്ടുള്ള പ്രശ്നമാണ്. രോഗവിവരം ധരിപ്പിച്ച്, ചികിത്സാരീതികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞിരുന്നു: “ഏതായാലും സർജറി ആവശ്യമായി വരും. ഞങ്ങൾ ‘ട്യൂമർ ബോർഡിൽ’ ഒന്ന് ഡിസ്‌കസ് ചെയ്തിട്ട് ദിവസം നിശ്ചയിക്കാം” എന്ന്. അതാണ് പ്രശനമായത് – ട്യൂമർ ബോർഡിൽ’ ഒന്ന് ഡിസ്‌കസ് ചെയ്യാം എന്നു പറഞ്ഞത്!

പിന്നീട് ട്യൂമർ ബോർഡ് എന്താണെന്നും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊടുത്തു. അതോടെ അവരുടെ സംശയം മാറി. സംശയം മാറി എന്നുമാത്രമല്ല, അവരുടെ മുഖം കൂടുതല്‍ പ്രസന്നമാകുകയും ചെയ്തു. സ്വതിക്കായിരുന്നു കൂടുതല്‍ ആശ്വാസം! അതുകൊണ്ടു തന്നെ പോസിറ്റീവ് ചിന്താഗതിയോടെ അവള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങാന്‍ കഴിഞ്ഞു. മാത്രമല്ല, സ്വാതിയുടെ ബ്രസ്റ്റ് നഷ്ടപ്പെടാതെ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തു.

സ്വാതിയോടും അമ്മയോടും ‘ട്യൂമർ ബോർഡി’നെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അപ്പോഴേ, ഒരു കാൻസർ സെന്ററിൽ ചികിത്സ നേടേണ്ടതിന്റെ ആവശ്യകതയും മനസിലാക്കാന്‍ പറ്റുകയുള്ളു.

ട്യൂമർ ബോർഡ് അല്ലെങ്കിൽ മൾട്ടി ഡിസിപ്ളനറി ട്യൂമർ ബോർഡ് (MDT)

എന്താണ് ട്യൂമർ ബോർഡ്?

ഒരു രോഗിയുടെ അസുഖത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും വിവിധ ചികിത്സാരീതികളെപ്പറ്റിയും കാൻസർ ചികിത്സാവിദഗ്ദ്ധർ ഒരുമിച്ചുകൂടി വിചിന്തനം ചെയ്ത്‌ ചികിത്സ നിശ്ചയിക്കുന്ന രീതിക്കാണ് ട്യൂമർ ബോർഡ് എന്നു പറയുക.

ട്യൂമർ ബോർഡിൽ പങ്കെടുക്കുന്നവർ ആരെല്ലാം?

1. ഓങ്കോളജി സർജൻ – അഥവാ കാൻസർ ശസ്ത്രക്രിയ വിദഗ്ദ്ധൻ.
2. മെഡിക്കൽ ഓങ്കോളജിസ്ററ് – കീമോ തെറാപ്പി കൊടുക്കുന്ന ഡോക്ടർ.
3. റേഡിയേഷൻ ഓങ്കോളജിസ്ററ് – റേഡിയേഷൻ വഴി കാൻസർ ചികിത്സ നൽകുന്ന ഡോക്ടർ.
4. പതോളജിസ്റ്റ് – കാൻസർ രോഗം സ്ഥിരീകരിക്കുകയും അതിന്റെ വകഭേദങ്ങൾ കൃത്യമായി നിർണ്ണയിക്കുകയും ചെയ്യുന്നു.
5. റേഡിയോളജിസ്റ്റ് – വിവിധ സ്കാനിംഗ് സങ്കേതങ്ങളുടെ സഹായത്തോടെ രോഗത്തിന്റെ സ്റ്റേജ് നിർണ്ണയിക്കുന്നു.
6. ഇന്റര്‍വെന്റ്ഷണല്‍ റേഡിയോളജിസ്റ്റ് – സ്കാനുകളുടെ സഹായത്തോടെ ട്യൂമറിൽ നിന്നും കൃത്യതയോടെ ബയോപ്സി എടുക്കുക.
7. ന്യൂക്ലീയാർ മെഡിസിൻ ഫിസിഷ്യൻ – റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് രോഗവ്യാപ്തി നിർണ്ണയവും ചികിത്സയും (Eg: PET Scan, തൈറോയിഡ് കാന്‍സര്‍ ചികിത്സ).
8. പാലിയേറ്റീവ് കെയർ ഫിസിഷ്യൻ – പൂർണ്ണമായും രോഗം ഭേദപ്പെടുത്താൻ പറ്റാത്ത രോഗികൾക്കുള്ള പരിചരണം

മൾട്ടി ഡിസിപ്ളനറി ട്യൂമർ ബോർഡിന്റെ ഗുണങ്ങൾ

1. കാന്‍സറിന്റെ സമഗ്രചികിത്സ സാധ്യമാകുന്നു.
2. രോഗിക്ക് പല മേഖലകളിലുള്ള വിദഗ്ധരുടെ കൂട്ടായ ചികിത്സ ലഭ്യമാകുന്നു.
3. ഒരു രോഗിയുടെ ചികിത്സ പ്ലാൻ ആദ്യമേ തന്നെ തയ്യാറാക്കപ്പെടുന്നു.
4. പല ചികിത്സാരീതികള്‍ ആവശ്യമായി വരുന്ന കാൻസർ ചികിത്സയ്ക്ക് കൃത്യമായ ഓർഡർ വരുത്താൻ സാധിക്കുന്നു.
5. വിവിധ ചികിത്സാരീതിയിലെ വിദഗ്ധന്മാർ ചേർന്നുള്ള വിശകലനം ഏറ്റവും നല്ല ചികിത്സ ലഭിക്കാൻ ഇടയാകുന്നു.
6. രോഗചികിത്സയെക്കുറിച്ചുള്ള നൂതനമാർഗ്ഗങ്ങൾ ചര്‍ച്ച ചെയ്യപ്പെടുകയും ആവശ്യമായവ രോഗചികിത്സയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
7. രോഗിയെ ആദ്യം കാണുന്ന ചികിത്സകന് താൻ എടുത്ത തീരുമാനം എല്ലാ വിദഗ്ധന്മാർക്കും സ്വീകാര്യമാണോ എന്ന് പരിശോധിക്കാൻ അവസരം ലഭിക്കുന്നു.

എപ്പോഴാണ് ട്യൂമർ ബോർഡ് ആവശ്യമായി വരുന്നത്?

മിക്കവാറും എല്ലാ കാൻസർ സെന്ററുകളിലും ട്യൂമർ ബോർഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കാൻസർ ചികിത്സ നടത്തുക. ഇതിനായി ഓരോ തരം കാൻസറിനും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകും. ഇതുകൂടാതെ ഏതെങ്കിലും ചികിത്സകന് ആവശ്യമെന്നു തോന്നിയാൽ രോഗിക്കുവേണ്ടി എപ്പോൾ വേണമെങ്കിലും ട്യൂമർ ബോർഡ് കൂടാവുന്നതാണ്.

ട്യൂമർ ബോർഡ് എല്ലാ കാൻസർ ചികിത്സയ്ക്കും ആവശ്യമാണോ?

തീർച്ചയായും, രോഗിക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കാൻ മൾട്ടി ഡിസിപ്ളനറി ട്യൂമർ ബോർഡ് ആവശ്യമാണ്.

സ്വാതിയുടെ അമ്മയ്ക്കും സ്വാതിക്കും ‘ട്യൂമർ ബോർഡി’നെ പറ്റി അറിവില്ലാതിരുന്നതു‌കൊണ്ടാണ്, ആ വാക്ക് ആദ്യം കേട്ടപ്പോള്‍ അവരുടെ മനസില്‍ സംശയം ഉദിച്ചത്. കാര്യങ്ങള്‍ മനസിലായപ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. എല്ലാ മനുഷ്യരും ഇതുപോലൊക്കെ തന്നെയാണ്; കൃത്യമായ അറിവ് ഇല്ലെങ്കില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. കാന്‍സറിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കൃത്യമായ അറിവ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്. അതാണ് ചികിത്സയെ കൂടുതല്‍ സഹായിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഇത്തരം കാര്യങ്ങള്‍ അറിയാനും പറയാനുള്ള തുറവിയാണ് നമുക്ക് ആവശ്യം!

ഡോ. ജോജോ ജോസഫ്‌
കാൻസർ സർജൻ, കാരിത്താസ്‌ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്

Latest News